പാരീസ്: ഫ്രാന്സില് സ്കൂളുകളിലെ മോശം സാഹചര്യങ്ങള്ക്കെതിരെ തുടങ്ങിയ യുവജന പ്രതിഷേധം കലാപമായി മാറുന്നു. സര്ക്കാര് കെട്ടിടങ്ങളും ചരിത്രസ്മാരകങ്ങളും അടക്കം നിരവധി കെട്ടിടങ്ങള്ക്ക് പ്രതിഷേധക്കാര് തീയിട്ടു. ജീവിത ചെലവ് വര്ധിക്കുന്നുവെന്ന പ്രശ്നം ഉയര്ത്തി തൊഴിലാളി സംഘടനകളും അണിനിരന്നതോടെ ആണ് പ്രതിഷേധം കലാപമായി മാറിയത്. പ്രതിഷേധം രണ്ടാഴ്ച പിന്നിടുമ്പോള് സ്ഥിതി സര്ക്കാരിനോ പൊലീസിനോ നിയന്ത്രിക്കാനാകുന്നില്ലെന്ന് ശനിയാഴ്ച നടന്ന വ്യാപക അക്രമവും കൊള്ളയും വ്യക്തമാക്കുന്നു. പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയതോടെ കടുത്ത നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഇമ്മാനുവേല് മാക്രോണ് രം?ഗത്തെത്തിയിട്ടുണ്ട്.
സിജിടി ട്രേഡ് യൂണിയന്റെ കണക്കനുസരിച്ച് ശനിയാഴ്ച രാജ്യവ്യാപകമായി റാലികളില് 5.5 ലക്ഷത്തോളം ആളുകളാണ് പങ്കെടുത്തത്. പലയിടങ്ങളിലും റാലികള് സമാധാനപരമായിരുന്നെങ്കിലും തലസ്ഥാനമായ പാരീസില് വലിയ രീതിയിലുള്ള അക്രമങ്ങളാണ് അരങ്ങേറിയത്. പാരീസ് ഉള്പ്പെടെ വിവിധ നഗരങ്ങളില് പ്രതിഷേധക്കാരും പൊലീസും തമ്മില് തെരുവില് ഏറ്റുമുട്ടി. ഇതുവരെ 1,200ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് ഔദ്യോഗിക വിവരം.