കോഴിക്കോട്: സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിരപരാധിയായ അബ്ദുള്‍ റഹീമിന്റെ ജീവന്റെ വിലയായ 34 കോടി രൂപ സമാഹരിക്കാന്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, തെരുവോരങ്ങള്‍ തുടങ്ങിയ എല്ലാ പൊതു ഇടങ്ങളിലും ചെന്ന് ജനങ്ങളോട് യാചിക്കാന്‍ ബോചെ ഇറങ്ങുന്നു. ഇതിന്റെ ആദ്യപടിയായി മോചനദ്രവ്യം നല്‍കേണ്ട കാലാവധി നയതന്ത്ര ഇടപെടലിലൂടെ നീട്ടിക്കിട്ടാന്‍ സൗദി അധികൃതരുമായി ബന്ധപ്പെടുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കണ്ട് ബോചെ നിവേദനം നല്‍കും. കൂടാതെ, ദുബായില്‍ പുതുതായി ആരംഭിച്ച ബോചെ ടീയുടെ വില്‍പ്പനയിലൂടെ ലഭിക്കുന്ന ലാഭം മുഴുവന്‍ അതാത് ദിവസം റഹീമിന്റെ ജീവനുവേണ്ടി മാറ്റിവെക്കാനാണ് തീരുമാനം. ഇങ്ങനെ ലഭിക്കുന്ന ഒരു കോടി രൂപ ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് വഴി റഹീമിനായി നല്‍കും
ഈ തുകയും ജനങ്ങളില്‍ നിന്ന് സമാഹരിക്കുന്ന പണവും തികയാതെ വന്നാല്‍, ഏപ്രില്‍ മധ്യത്തോടെ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന ബോചെ ടീ യുടെ മുഴുവന്‍ ലാഭവും റഹീമിന്റെ മോചനത്തിനായി മാറ്റിവെക്കും. അറബിയുടെ ഭിന്നശേഷിക്കാരനായ മകനെ പരിചരിച്ചുകൊണ്ടിരുന്ന റഹീമിന്റെ കൈ അറിയാതെ തട്ടി മകന്റെ കഴുത്തില്‍ ഭക്ഷണവും വെള്ളവും നല്‍കാന്‍ ഘടിപ്പിച്ച ഉപകരണത്തിന്റെ ട്യൂബ് സ്ഥാനം മാറിയതിനെതുടര്‍ന്ന് പതിനഞ്ച് വയസ്സായ കുട്ടി ബോധരഹിതനാവുകയും പിന്നീട് മരണപ്പെടുകയും ചെയ്തു. കുട്ടിയുടെ മരണത്തിനിടയാക്കിയ ഈ സംഭവമാണ് റഹീമിന് വധശിക്ഷ ലഭിക്കാന്‍ കാരണമായത്. ഫറോക്കില്‍ ഓട്ടോ ഡ്രൈവറായിരുന്ന റഹീം മെച്ചപ്പെട്ട വരുമാനം തേടിയാണ് സൗദിയിലെത്തിയത്. പതിനെട്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന റഹീമിന്റെ വധശിക്ഷ 34 കോടി രൂപ മോചനദ്രവ്യമെന്ന ഉപാധിയോടെ ഇളവ് ചെയ്യാന്‍ ഇപ്പോള്‍ കുട്ടിയുടെ കുടുംബം തയ്യാറായിട്ടുണ്ട്. ഏപ്രില്‍ 16 ന് മുന്‍പ് ഈ തുക നല്‍കേണ്ടതുണ്ട്. മകനുവേണ്ടി നെഞ്ചുരുകി പൊട്ടിക്കരയുന്ന ഉമ്മയുടെ വാര്‍ത്ത, മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ബോബി ചെമ്മണ്ണൂര്‍ സൗദിയില്‍ ബന്ധപ്പെട്ട് നിജസ്ഥിതി മനസ്സിലാക്കിയത്. ജാതി-മത-കക്ഷി- രാഷ്ട്രീയ ഭേദമെന്യെ, തങ്ങളാല്‍ കഴിയുന്ന സഹായം, അത് ഒരു രൂപയാണെങ്കില്‍പോലും, റഹീമിന്റെ മോചനത്തിനായി ബോചെ യാചന ഫണ്ടിലേക്ക് നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. റിട്ട: ജഡ്ജി, പോലീസ് ഉദ്യോഗസ്ഥന്‍, കോളേജ് പ്രൊഫസര്‍ എന്നിവരടങ്ങിയ ഒരു കമ്മിറ്റിയാണ് ഈ ഫണ്ട് കൈകാര്യം ചെയ്യുക. അതാത് ദിവസം ലഭിക്കുന്ന സംഭാവനകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കുവാനുള്ള സംവിധാനവുമുണ്ടെന്ന് ബോചെ പറഞ്ഞു. സംഭാവന നല്‍കേണ്ട അക്കൗണ്ട് വിവരങ്ങള്‍ boby chemmanur എന്ന ഫെയ്‌സ്ബുക്ക് പേജിലും, boche എന്ന ഇന്‍സ്റ്റഗ്രാം പേജിലും ലഭ്യമാണ്.