യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു, വിദേശ രാജ്യങ്ങളിലേക്കുള്ള വിമാനയാത്രാ നിരക്കില്‍ ഇരട്ടി വര്‍ധനവ്
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്കുളള യാത്രക്കാരുടെ എണ്ണം കൂടിയതോടെ വിമാനയാത്ര നിരക്കിലും വര്‍ധനവ്. കൊച്ചി -ദുബായ് ടിക്കറ്റ് നിരക്ക് ഇരട്ടിയായി. അതേസമയം ജോലിക്കും പഠനത്തിനുമായി ഉടന്‍ എത്തേണ്ടവര്‍ അമിത നിരക്ക് മൂലം യാത്ര മാറ്റി വയ്ക്കുകയാണ്. ഇതിനിടെ അമിതനിരക്കിനെക്കുറിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയഷന്‍ അന്വേഷണം തുടങ്ങി.
കൊവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം അവസാനിക്കുകയും വിദേശ രാജ്യങ്ങളിലെ തൊഴിലിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വീണ്ടും സജീവമാവുകയും ചെയ്തതോടെയാണ് വിമാനയാത്ര നിരക്ക് കുതിച്ചുയരാന്‍ തുടങ്ങിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ കേരളത്തില്‍ നിന്ന് വിവിധ വിദേശ രാജ്യങ്ങളിലേക്കുളള വിമാന യാത്ര നിരക്കില്‍ വന്ന വര്‍ദ്ധന.
കൊച്ചി-ദുബായ് 35,000 രൂപയായിരുന്നത് 62,000 ആയി. കോഴിക്കോട്-ദുബായ് 25,000 ല്‍നിന്ന് 32,000 ആയും കൊച്ചി -ലണ്ടന്‍ 57,000 65,000 ആയും കൊച്ചി- ന്യൂയോര്‍ക്ക് 1,37,000 1,45,000 ആയും ഉയര്‍ന്നു. സൗദി, ബഹ്‌റൈന്‍ അടക്കമുളള രാജ്യങ്ങളിലേക്ക് നേരിട്ട് സര്‍വീസ് തുടങ്ങിയിട്ടുമുളള. ഇത്തരം രാജ്യങ്ങളിലേക്ക് പോകേണ്ടവര്‍ പലപ്പോഴും ഒരു ലക്ഷത്തിലേറെ രൂപ ചെലവിടേണ്ടതായും വരുന്നു. ഡിമാന്റ് കൂടുന്നതിനനുസരിച്ച് നിരക്ക് കൂട്ടുന്ന പതിവ് വിമാന സര്‍വീസ് കന്പനികള്‍ കൊവിഡ് കാലത്തും തുടരുന്നതാണ് പ്രധാന പ്രതിസന്ധി.
മാസങ്ങള്‍ക്ക് മുന്നേ കുറഞ്ഞനിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്തവരെ വിമാനം റദ്ദായെന്ന് അറിയിച്ച് തുക തിരികെ വാങ്ങാന്‍ നിര്‍ബന്ധിക്കുന്നതായും പരാതിയുണ്ട്. വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്യുന്‌പോഴാകട്ടെ ഇരട്ടിയിലേറെ തുക കൊടുക്കേണ്ടിയും വരുന്നു. കൊവിഡ് കാലത്ത് വിദേശ രാജ്യങ്ങളില്‍ നിന്ന് 15 ലക്ഷത്തിലേറെ മലയാളികള്‍ തിരിക വന്നതായാണ് കണക്ക്.
ഇതില്‍ ഗണ്യമായൊരു പങ്ക് ആളുകളും തിരികെ പോകാനുളള ഒരുക്കത്തിലാണ്. വിദേശ സര്‍വകലാശലകളില്‍ അഡ്മിഷന്‍ എടുത്തിട്ടുളള വിദ്യാര്‍ത്ഥികള്‍ക്കും കുതിച്ചുയരുന്ന യാത്രാക്കൂലി താങ്ങാനാകുന്നില്ല. അതസമയം പ്രശ്‌നത്തില്‍ ഇടപെട്ട ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിരക്കുകളുടെ വിശദാംശം സമര്‍പ്പിക്കാന്‍ എയര്‍ലൈന്‍ കന്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.