പുതിയ വ്യവസായയുഗത്തിന് കേരളത്തിലെ സഹകാരികള്‍ സജ്ജരാകണം: മന്ത്രി വി. എന്‍. വാസവന്‍
 


കോഴിക്കോട്: പുതിയ വ്യവസായയുഗം സൃഷ്ടിക്കപ്പെടുമ്പോള്‍ അതിലേക്കു കടന്നുവരുന്ന നൂതനാശയങ്ങള്‍, സാങ്കേതികവിദ്യകള്‍, സാമൂഹികപ്രത്യാഘാതങ്ങള്‍ എന്നിവ സംബന്ധിച്ച് ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുകള്‍ വികസിപ്പിക്കണമെന്ന് കേരളത്തിലെ സഹകാരികളെ സഹകരണമന്ത്രി വി. എന്‍. വാസവന്‍ ആഹ്വാനം ചെയ്തു. കേരളത്തിന്റെ പുരോഗതിക്ക് അനുയോജ്യമായ മികച്ച അന്താരാഷ്ട്രമാതൃകകള്‍ കണ്ടെത്താനും പുത്തന്‍ കാഴ്ചപ്പാടുകള്‍ വികസിപ്പിക്കാനും ശ്രമിക്കേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി യുടെ ശതാബ്ദിയാഘോഷത്തിന്റെ  ഭാഗമായി സംഘടിപ്പിക്കുന്ന നാലുദിവസത്തെ രാജ്യാന്തര സഹകരണസമ്മേളനം യുഎല്‍ സൈബര്‍ പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അതിനു കഴിയുമാറ് അന്താരാഷ്ട്ര സഹകരണസമ്മേളനം ആസൂത്രണം ചെയ്ത ഊരാളുങ്കല്‍ സൊസൈറ്റിയെ അദ്ദേഹം അഭിനന്ദിച്ചു.

'അടുത്ത വ്യവസായവിവത്തില്‍ സഹകരണമേഖല' എന്ന വിഷയത്തില്‍ രാജ്യാന്തരസെമിനാറും ഉപസെമിനാറുകളും ആയിരുന്നു ആദ്യദിവസം. ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സിന്റെ ഏഷ്യ-പസഫിക് ഗവേഷണസമ്മേളനവും യുവസംരംഭകര്‍ക്കും ഗവേഷകര്‍ക്കുമുള്ള ശില്പശാലകളും ഇനിയുള്ള മൂന്നു ദിവസം കോഴിക്കോട് ഐഐഎമ്മില്‍ നടക്കും.സഹകരണസ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം എന്ന തത്വം കേരളത്തിലെ സംഘങ്ങള്‍ സ്വീകരിക്കണമെന്ന് അന്താരാഷ്ട്രസെമിനാറിന്റെ മുഖ്യവിഷയം അവതരിപ്പിച്ച മുന്‍മന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. സഹകരണസ്ഥാപനങ്ങള്‍ തമ്മില്‍ സമ്പത്തിന്റെയും വിഭവങ്ങളുടെയും ഏകോപനം, സാങ്കേതിക ഏകോപനം, നിര്‍വ്വഹണാനുഭവങ്ങളുടെ പങ്കിടല്‍ എന്നിവ നടക്കണമെന്നും സഹകരണസ്ഥാപനങ്ങള്‍ക്ക് വിഭവവും സാങ്കേതികവൈദഗ്ദ്ധ്യവും എങ്ങനെ ലഭ്യമാക്കാമെന്നും അതിനുള്ള സംഘടനാരൂപം എന്തായിരിക്കണമെന്നുമുള്ള പ്രഖ്യാപനം സമ്മേളനത്തില്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
മേയര്‍ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി. കെ. രാമചന്ദ്രന്‍ പ്രത്യേകപ്രഭാഷണവും കോഴിക്കോട് ഐഐഎം ഡയറക്ടര്‍ പ്രൊഫ. ദേബാഷിഷ് ചാറ്റര്‍ജി മുഖ്യപ്രഭാഷണവും നടത്തി. 'അന്താരാഷ്ട്രസഹകരണവര്‍ഷം 2025: പൊതുദര്‍ശനവും പ്രസക്തിയും' എന്ന വിഷയം ഐസിഎ ഏഷ്യ - പസഫിക് റീജ്യണല്‍ ഡയറക്റ്റര്‍ ബാലസുബ്രഹ്മണ്യന്‍ അയ്യര്‍ അവതരിപ്പിച്ചു. ഐഎല്‍ഒ എന്റര്‍പ്രൈസ് ഡെവലപ്മെന്റ് സ്‌പെഷ്യലിസ്റ്റ് ഭാര്‍തി ബിര്‍ള വിഷയാധിഷ്ഠിതപ്രഭാഷണം നിര്‍വ്വഹിച്ചു.
ഇന്ത്യന്‍ സഹകരണസ്ഥാപനങ്ങളില്‍ നാഷണല്‍ കോ-ഓപ്പറേറ്റീവ് യൂണിയന്റെ പങ്കിനെപ്പറ്റി എന്‍സിയുഐ ചീഫ് എക്‌സിക്യൂട്ടീവ് ഡോ. സുധീര്‍ മഹാജന്‍ സംസാരിച്ചു. 'അടുത്ത വ്യവസായവിപ്ലവത്തില്‍ കാര്‍ഷികസംഘങ്ങള്‍' എന്ന വിഷയം നെതര്‍ലാന്‍ഡ്‌സിലെ കാര്‍ഷികസ്ഥാപനമയ അഗ്രിഗേഡിന്റെ ഡയറക്ടര്‍ സീസ് വാന്‍ റിച്ചും '21-ആം നൂറ്റാണ്ടില്‍ സഹകരണപ്രസ്ഥാനങ്ങളുടെ പങ്ക്' മോന്ദ്രാഗണ്‍ കോര്‍പ്പറേഷന്റെ കോ-ഓപ്പറേഷന്‍ ഡിസെമിനേഷന്‍ മുന്‍ ഡയറക്ടര്‍ മീക്കെല്‍ ലെസാമിസും അവതരിപ്പിച്ചു.
മുന്‍ മന്ത്രി എം. കെ. മുനീര്‍, കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, ലേബര്‍ കോഓപ്പറേറ്റീവ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എംഡി വി. കെ. ചൗഹാന്‍, ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, സഹകരണ ജോയിന്റ്  രജിസ്ട്രാര്‍ എന്‍. എം. ഷീജ, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, കേരളാ കോഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ഫെഡറേഷന്‍ ചെയര്‍പേഴ്സണ്‍ കെ. കെ. ലതിക, കാരശ്ശേരി സര്‍വ്വീസ് കോ-ഓപ്പറേറ്റിവ് ബാങ്ക് ചെയര്‍മാന്‍ എന്‍. കെ. അബ്ദുറഹിമാന്‍, കേരള ലേബര്‍ഫെഡ് ചെയര്‍മാന്‍ എ. സി. മാത്യു, കൗണ്‍സിലര്‍ സുജാത കൂടത്തിങ്കല്‍, ഐസിഎ ഏഷ്യ-പസഫിക് ഓന്ത്രപ്രണര്‍ഷിപ് ഡയറക്ടര്‍ ഗണേഷ് ഗോപാല്‍ എന്നിവര്‍ സംസാരിച്ചു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media