പാലക്കാട്: പാലക്കാട് അട്ടപ്പാടി താഴെത്തുടിക്കിയില്‍ ആദിവാസികള്‍ക്കായി നടപ്പാക്കിയ സോളാര്‍ വിന്‍ഡ് ഹൈബ്രിഡ് പദ്ധതിയില്‍ ക്രമക്കേടെന്ന് എജി. ഒരു കോടി 43, 38,800 രൂപയ്ക്കാണ് തെലുങ്കാന ആസ്ഥാനമായ കമ്പനിക്ക് അനര്‍ട്ടുവഴി പദ്ധതി കരാര്‍ നല്‍കിയത്. രണ്ടു കമ്പനികള്‍ മാത്രമാണ് ടെണ്ടറില്‍ പങ്കെടുത്തത്.
അതില്‍ ഒരു കമ്പനിയെ സാങ്കേതിക അയോഗ്യരാക്കി. വീണ്ടും ടെണ്ടര്‍ വിളിക്കുന്നതിന് പകരം തെലുങ്കാന ആസ്ഥാനമായ കമ്പനിക്ക് നല്‍കിയത് ചട്ടവിരുദ്ധമെന്നാണ് എജിയുടെ കണ്ടെത്തല്‍. ശാസ്ത്രീയ പഠനം നടത്താതെയാണ് പദ്ധതി നടപ്പാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരാര്‍ തുകയക്ക് പുറമേ 27.66 ലക്ഷം രൂപ കരാര്‍ കമ്പനി ആവശ്യപ്പെട്ടു. ഈ പണം നല്‍കാന്‍ വൈദ്യതി മന്ത്രി അധ്യക്ഷായ അനെര്‍ട്ടിന്റെ ഗവേണിംഗ് ബോഡി തീരുമാനിച്ചതും ക്രമവിരുദ്ധമെന്നാണ് എജിയുടെ റിപ്പോര്‍ട്ട്.
അതേസമയം, അനെര്‍ട്ട് വഴി കോടികളുടെ അഴിമതി നടത്തിയ മന്ത്രി കെ കൃഷ്ണന്‍കുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ചിറ്റൂരിലെ മന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായി.
പ്രവര്‍ത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഗോത്രവര്‍ഗ്ഗ ഉന്നതികളില്‍ നടപ്പാക്കിയ പദ്ധതികളില്‍ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും ഉദ്യോഗസ്ഥരും ചേര്‍ന്ന് കോടികളുടെ അഴിമതി നടത്തിയെന്നാണ് ആരോപണം.
അട്ടപ്പാടിയിലെ താഴെതുടുക്കി, മേലെ തുടുക്കി, ഗലസി, ഊരടം ഗോത്രവര്‍ഗ്ഗ ഉന്നതികളില്‍ ആദിവാസികളുടെ ഉന്നമനത്തിനായി അനെര്‍ട്ട് നടപ്പാക്കിയ 6.35 കോടിയുടെ പദ്ധതിയിലാണ് അഴിമതി ആരോപണം. സൗരോര്‍ജ - വിന്‍ഡ് പദ്ധതിയില്‍ ഭൂരിഭാഗവും പ്രവര്‍ത്തനരഹിതമാണ്. തുക കാണിക്കാതെയും മത്സര സ്വഭാവമില്ലാതെയും ടെണ്ടര്‍ ഉറപ്പിച്ചു നല്‍കിയെന്നും ടെണ്ടറില്‍ നിര്‍ദ്ദേശിച്ച യോഗ്യതയില്ലാത്ത കമ്പനിയ്ക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയെന്നും ഇതിനെല്ലാം വൈദ്യുതി മന്ത്രി കൂട്ടു നിന്നുവെന്നും ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യൂതന്‍ ആരോപിച്ചു.
ആദിവാസികള്‍ക്കു പണിക്കൂലി നല്‍കിയെന്ന പേരിലും വന്‍ തട്ടിപ്പ് നടത്തിയിരുന്നുവെന്നാണ് ആരോപണം. ഇത് തെളിയിക്കാന്‍ ആദിവാസികളുടെ പ്രതികരണവും പുറത്തു വിട്ടു. അതേസമയം വീഴ്ച പരിശോധിക്കാന്‍ അന്വേഷണം പ്രഖ്യാപിച്ചതായി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.