എയര്‍ ഇന്ത്യ ഇനി ടാറ്റാ ഗ്രൂപ്പിന് സ്വന്തം; ഔദ്യോഗിക പ്രഖ്യാപനം നടത്തി കേന്ദ്ര സര്‍ക്കാര്‍
ദില്ലി: കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കൈമാറ്റം 18,000 കോടി രൂപയ്ക്ക്. അടുത്ത സാമ്പത്തിക വര്‍ഷം കൈമാറ്റം പൂര്‍ത്തിയാകും. നേരത്തെ ടാറ്റ എയര്‍ലൈന്‍സാണ് എയര്‍ ഇന്ത്യയാക്കിയത്. എന്നാല്‍ 67 വര്‍ഷത്തിന് ശേഷമാണ് ഈ വിമാനക്കമ്പനി തിരികെ ടാറ്റയിലേക്ക് എത്തുന്നത്. കേന്ദ്രമന്ത്രിസഭാ സമിതിയാണ് എയര്‍ ഇന്ത്യാ സ്വകാര്യ വത്കരണത്തിന് അംഗീകാരം നല്‍കിയത്. ജീവനക്കാരെയും മറ്റുള്ളവരെയും വിശ്വാസത്തില്‍ എടുത്താകും നടപടി പൂര്‍ത്തിയാക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം തന്നെ കൈമാറ്റ നടപടി പൂര്‍ത്തിയാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.
സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് നിശ്ചയിച്ച അടിസ്ഥാന വില 20000 കോടിക്കടുത്താണ്. ഇതിനേക്കാള്‍ 3000 കോടി അധികം ടാറ്റ ഗ്രൂപ്പ് വാഗ്ദാനം ചെയ്തതായി നേരത്തെ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ടാറ്റ വാഗ്ദാനം ചെയ്തത് 18000 കോടി രൂപയാണ്. അജയ് സിംഗ് വാഗ്ദാനം ചെയ്തത് ഇതിലും കുറവ് തുകയാണ്. അമിത് ഷാ അദ്ധ്യക്ഷനായുള്ള സമിതിയുടെ അന്തിമ തീരുമാനം വരും മുന്‍പ് തന്നെ വാര്‍ത്ത പുറത്തായിരുന്നെങ്കിലും കേന്ദ്രം ഇത് നിഷേധിച്ചിരുന്നു.