വീണ്ടും വിവാഹിതരായി; എല്ലാം മകന് വേണ്ടിയെന്ന് പ്രകാശ് രാജും പോണിയും
11ാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് തെന്നിന്ത്യന്‍ താരം പ്രകാശ് രാജും ഭാര്യ പോണി വര്‍മയും. മകന്‍ വേദാന്തിന് വേണ്ടി വിവാഹ വാര്‍ഷിക ദിനത്തില്‍ വീണ്ടും വിവാഹിതരായിരിക്കുകയാണ് ഇരുവരും. ട്വീറ്റിലൂടെയാണ് വിവാഹ ചിത്രങ്ങള്‍ താരം പങ്കുവെച്ചിരിക്കുന്നത്.
കുടുംബത്തിനൊപ്പമുള്ള നിമിഷങ്ങള്‍ എന്നാണ് ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍. ഇന്നലെ രാത്രി വീണ്ടും വിവാഹിതനായി. കാരണം ഞങ്ങളുടെ മകന്‍ വേദാന്തിന് വിവാഹത്തിന് സാക്ഷിയാകണമായിരുന്നു. പ്രകാശ് രാജ് ട്വീറ്റില്‍ കുറിച്ചു. ഇരുവരുടെയും മൂത്ത മക്കള്‍ മേഘ്‌നയെയും പൂജയെയും ചിത്രങ്ങളില്‍ കാണാം. മക്കളെ സാക്ഷികളാക്കി പ്രകാശ് രാജും പോണിയും പരസ്പരം മോതിരം കൈമാറി ചുംബിച്ചു.
പ്രകാശ് രാജിന്റെ രണ്ടാം വിവാഹമായിരുന്നു പോണിയുമായി. നടി ലളിത കുമാരിയാണ് പ്രകാശ് രാജിന്റെ ആദ്യ ഭാര്യ. 1994ല്‍ ആയിരുന്നു ഇവരുടെ വിവാഹം. 2009ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ മൂന്ന് മക്കളുണ്ട് പ്രകാശ് രാജിന്.
2010ലാണ് നൃത്തസംവിധായികയായ പോണി വര്‍മയെ പ്രകാശ് രാജ് വിവാഹം ചെയ്യുന്നത്. 2015ലാണ് വേദാന്തിന്റെ ജനനം.