കൊച്ചി: ഉഭയകക്ഷിബന്ധം വഷളാകുന്നതിനിടെ സിപിഐ മന്ത്രിമാര്‍ വിളിച്ച യോഗം അഞ്ചുമിനിറ്റുകൊണ്ട് അവസാനിപ്പിച്ച് മുഖ്യമന്ത്രി ഇറങ്ങിപ്പോയി. നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് എറണാകുളത്ത് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് വിളിച്ച യോഗമാണ് മില്ലുടമകള്‍ ഇല്ലെന്ന പേരില്‍ മുഖ്യമന്ത്രി നിമിഷ നേരം കൊണ്ട് പിരിച്ചുവിട്ടത്. നാളത്തെ മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കുമെന്ന് സിപിഐ നിലപാട് വ്യക്തമാക്കിയിരിക്കെ നാളെ തിരുവനന്തപുരത്ത് യോഗം ചേരാമെന്നാണ് മുഖ്യമന്ത്രി സിപിഐ മന്ത്രിമാരെ അറിയിച്ചത്. പി എം ശ്രീയുടെ പേരിലുള്ള സിപിഎം-സിപിഐ തര്‍ക്കം ഭരണത്തെ ബാധിക്കില്ലെന്ന് ഇരുകൂട്ടരും ആവര്‍ത്തിക്കുന്നതിനിടെയാണ് നെല്ലുസംഭരണവുമായി ബന്ധപ്പെട്ട യോഗം പാതിവഴിയില്‍ അവസാനിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി ഇറങ്ങിപ്പോയത്. സിപിഐയുടെ കൈവശമുളള ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പാമായിരുന്നു എറണാകുളം ഗസ്റ്റ് ഹൗസില്‍ യോഗം വിളിച്ചത്. സിപിഐ മന്ത്രിമാരായ ജി ആര്‍ അനില്‍, കൃഷിമന്ത്രി പി പ്രസാദ് എന്നിവര്‍ക്കുപുറമേ ധനമന്ത്രി കെ ബാലഗോപാലും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയും ഉന്നത ഐ എ എസ് ഉദ്യോഗസ്ഥരും യോഗത്തിന് എത്തിയിരുന്നു.
യോഗം തുടങ്ങിയ ഉടന്‍ മില്ലുടമകള്‍ എവിടെയെന്ന് മുഖ്യമന്ത്രി ചോദിച്ചു. അവരെ വിളിച്ചില്ലെന്നും ഉദ്യോഗസ്ഥതല യോഗമാണ് ഇന്നത്തേതെന്നും ഭക്ഷ്യമന്ത്രി മറുപടി നല്‍കി. ഇതുകേട്ട് ക്ഷുഭിതനായ മുഖ്യമന്ത്രി മില്ലുടമകള്‍ ഇല്ലാതെ എന്തിനാണീ ചര്‍ച്ചയെന്ന് ചോദിച്ചു. യോഗത്തിന്റെ അജണ്ട മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നെന്ന് സിപിഐ മന്ത്രിമാര്‍ മറുപടി നല്‍കിയെങ്കിലും മുഖ്യമന്ത്രി ചെവിക്കൊണ്ടില്ല. പാലക്കാട് അടക്കം കൊയ്‌തെടുത്ത നെല്ല് വഴിയില്‍ കിടിക്കുകയാണെന്ന് പറഞ്ഞ് കൃഷി മന്ത്രി ഇടപെടാന്‍ നോക്കിയെങ്കിലും രംഗം ശാന്തമായില്ല. ഒടുവില്‍ അഞ്ചു മിനിറ്റുകൊണ്ട് യോഗം അവസാനിപ്പിച്ച് മുഖ്യമന്ത്രി മടങ്ങി. മില്ലുടമകളെക്കൂടി ഉള്‍പ്പെടുത്തി നാളെ വൈകിട്ട് നാലിന് തിരുവനന്തപുരത്ത് കാണാമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ഇറങ്ങിപ്പോയത്.