ജിഎസ്ടി കൗണ്‍സില്‍ യോഗം; ഭക്ഷണം ഓണ്‍ലൈനായി വാങ്ങിക്കുന്നതിന് ചിലവ് കൂടും
45ാ-മത് ജിഎസ്ടി (ചരക്ക് സേവന നികുതി) യോഗമാണ് ഇന്ന് ലഖ്നൗവില്‍ നടന്നത്. കോവിഡ് 19 രോഗ വ്യാപനത്തിന് ശേഷം നേരിട്ടുള്ള ആദ്യത്തെ ജിഎസ്ടി കൗണ്‍സില്‍ യോഗമായിരുന്നു ഇത്. കോവിഡ് 19 മരുന്നുകളുടെ ഇളവ് ദീര്‍ഘിപ്പിക്കുന്നത് മുതല്‍ നികുതി പുനര്‍ഘടന വരെയുള്ള കാര്യങ്ങള്‍ ഇന്നത്തെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായി.
കോവിഡ് 19 രോഗബാധയ്ക്കായുള്ള മരുന്നുകളുടെ ഇളവുകള്‍ ജിഎസ്ടി കൗണ്‍സില്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ മരുന്നുകള്‍ക്ക് നികുതിയിളവ് നല്‍കുന്നതിനൊപ്പം നിരവധി മരുന്നുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി ചുരുക്കാനും യോഗം അനുമതി നല്‍കി. ഡിസംബര്‍ 31 വരെയാകും മരുന്നുകള്‍ക്ക് നികുതിയിളവ് ലഭിക്കുക. ഐറ്റോലിസുമാബ്, പോസകൊണാസോള്‍, ഇന്‍ഫ്‌ളിക്‌സിമാബ്, ബാമ്ലാനിവിമാബ് & എറ്റസെവിമാബ്, കാസിരിവിമാബ് & ഐംഡെവിമാബ്, 2 ഡൈയോക്‌സി ഡി ഗ്ലൂക്കോസ്, ഫാവിപിരാവിര്‍ തുടങ്ങിയ മരുന്നുകള്‍ക്ക് ജിഎസ്ടി യോഗം നികുതിയിളവ് പ്രഖ്യാപിച്ചതായാണ് ലഭ്യമാകുന്ന വിവരം.
അതേ സമയം പെട്രോളും ഡീസലും ചരക്ക് സേവന നികുതി (ജിഎസ്ടി) പരിധിയ്ക്ക് കീഴില്‍ കൊണ്ടു വരാനുള്ള നീക്കങ്ങളെ സംസ്ഥാനങ്ങള്‍ ഒന്നടങ്കം എതിര്‍ത്തു. വരുമാനത്തിന് തിരിച്ചടിയാകുമെന്നതിനാല്‍ എല്ലാ സംസ്ഥാനങ്ങളും പെട്രോള്‍, ഡീസല്‍ എന്നിവ ഡിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരുന്നതിനെ എതിര്‍ത്തുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇന്ധന വില സര്‍വ കാല റെക്കോര്‍ഡില്‍ കുതിച്ചുയരുന്ന നിലവിലെ സാഹചര്യത്തില്‍ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധ ഡീസല്‍, പെട്രോള്‍, മറ്റ് പെട്രോളിയം ഉത്പ്പന്നങ്ങള്‍ എന്നിവ പരോക്ഷ നികുതിയുടെ കീഴില്‍ ഉള്‍പ്പെടുത്തുമോ എന്നറിയുവാനായിരുന്നു. എന്നാല്‍ ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ഈ വിഷയം ചര്‍ച്ചയ്ക്ക് എടുത്തെങ്കിലും എല്ലാ സംസ്ഥാനങ്ങളും ഒന്നിച്ച് ഈ വിഷയത്തെ എതിര്‍ത്തു. തുടര്‍ന്ന് വിഷയം പിന്നീട് ചര്‍ച്ച ചെയ്യാനായി മാറ്റിവച്ചിരിക്കുകയായിരുന്നു.
ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലെ മറ്റൊരു നിര്‍ദേശം ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളായ സ്വിഗ്വി, സൊമാറ്റോ തുടങ്ങിയവയെ നികുതി നയത്തിന്റെ കീഴില്‍ കൊണ്ടുവരിക എന്നതായിരുന്നു. നികുതി വെട്ടിക്കല്‍ ഒഴിവാക്കുന്നതിനായി ഓന്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളെയും നികുതിയ്ക്ക് കീഴില്‍ കൊണ്ടുവരുവാനും 5 ശതമാനം നികുതി ഈടാക്കുവാനുമാണ് ജിഎസ്ടി കൗണ്‍സിലിന്റെ നിര്‍ദേശം.
മറ്റൊരു സുപ്രധാന കാര്യം ആധാറുമായി സംബന്ധിച്ചുള്ളതാണ്. നികുതി ദായകര്‍ക്ക് ആധാര്‍ നിര്‍ബന്ധമാണ് എന്ന തീരുമാനത്തിനൊപ്പമാണ് ജിഎസ്ടി കൗണ്‍സിലും. റീഫണ്ടിനായി അപേക്ഷിക്കുവാനും, രജിസ്ട്രേഷന്‍ റദ്ദാക്കുന്നത് അസാധുവാക്കുവാനും ആധാര്‍ ഇല്ലാതെ നികുതി ദായകര്‍ക്ക് സാധിക്കുകയില്ല. ഘട്ടം ഘട്ടമായിട്ടായിരിക്കും നികുതി ദായകരുടെ ആധാര്‍ വിലയിരുത്തല്‍ പൂര്‍ത്തിയാക്കുന്നത്.
ദീര്‍ഘ കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ജിഎസ്ടി കൗണ്‍സില്‍ നേരിട്ട് യോഗം ചേരുന്നത്. രാജ്യം മുഴുവന്‍ കൗണ്‍സില്‍ യോഗം കൈക്കൊള്ളുന്ന തീരുമാനങ്ങളെയും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയേക്കാവുന്ന പുതിയ പ്രഖ്യാപനങ്ങളെയും പ്രതീക്ഷയോടെ ഉറ്റു നോക്കുകയാണ്.
പെട്രോളിയം ഉത്പ്പന്നങ്ങളും പ്രകൃതി വാതകവും ജിഎസ്ടി നിയമത്തിന് കീഴില്‍ കൊണ്ടു വരിക, പുകയില്‍ ഉത്പ്പന്നങ്ങള്‍ക്ക് കപ്പാസിറ്റി അടിസ്ഥാനമാക്കിയുള്ള നികുതി തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകുമെന്നും സുപ്രധാന തീരുമാനങ്ങളുണ്ടാകുമെന്നുമായിരുന്നു കണക്കുകൂട്ടല്‍.
പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ കേന്ദ്രം അനുകൂലമാണെങ്കിലും പ്രതിഷേധം അവഗണിച്ച് ഏകപക്ഷീയമായ തീരുമാനമുണ്ടാകില്ലെന്നാണ് സൂചന. എന്ത് തീരുമാനമെടുക്കണമെങ്കിലും ജിഎസ്ടി കൗണ്‍സിലിലെ നാലില്‍ മൂന്ന് അംഗങ്ങളുടെ പിന്തുണ വേണമെന്നതാണ് ജിഎസ്ടി നയം.