ആദിത്യ L1 വിക്ഷേപണം 11.50ന് ; സൂര്യനിലേക്കുള്ള ഇന്ത്യയുടെ ആദ്യ ദൗത്യം;  രാജ്യം ശ്രീഹരിക്കോട്ടയിലേക്ക്
 



ദില്ലി: ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എല്‍ 1 ന്റെ വിക്ഷേപണം ഇന്ന് നടക്കും. പിഎസ്എല്‍വി സി 57 ആണ് വിക്ഷേപണ വാഹനം. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്ന് രാവിലെ 11.50നാണ് വിക്ഷേപണം. വിക്ഷേപണത്തിനുള്ള 23 മണിക്കൂര്‍ 40 മിനുട്ട് കൗണ്ട് ഡൗണ്‍ ഇന്നലെ ഉച്ചയ്ക്ക് 12.10ന് ശ്രീഹരിക്കോട്ടയില്‍ തുടങ്ങി. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എല്‍ വണ്ണിന് ചുറ്റമുള്ള ഹാലോ ഓര്‍ബിറ്റില്‍ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം.  സൂര്യന്റെ കൊറോണയെ പറ്റിയും കാന്തികമണ്ഡലത്തെ പറ്റിയും സൂര്യസ്‌ഫോടനങ്ങളെ പറ്റിയും കൂടുതല്‍ വിവരങ്ങള്‍ ആദിത്യയിലൂടെ മനസിലാക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷ.

ചന്ദ്രനെ തൊട്ട് പത്ത് നാള്‍ തികയും മുമ്പ് മറ്റൊരു സുപ്രധാന ദൗത്യത്തിന് തയ്യാറെടുക്കുകയാണ് ഐഎസ്ആര്‍ഒ. സൂര്യനെ പഠിക്കാനുള്ള ആദിത്യ എല്‍ 1. ഇസ്രൊയുടെ മറ്റ് ദൗത്യങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ആദിത്യ. ഇസ്രൊയ്ക്കപ്പുറമുള്ള ശാസ്ത്ര സ്ഥാപനങ്ങളുടെ പങ്കാളിത്തം മുതല്‍ പോകുന്നയിടം വരെ ഈ ദൗത്യത്തെ വേറിട്ട് നിര്‍ത്തുന്നു. സൂര്യനെ പഠിക്കാനുള്ള ആദ്യ ഇന്ത്യന്‍ ദൗത്യം. യാത്ര സൂര്യനെ അടുത്തറിയാനാണെങ്കിലും സൂര്യനിലേക്ക് നേരിട്ട് ചെല്ലില്ല. നമ്മുടെ സൗരയൂധത്തിന്റെ ഊര്‍ജ കേന്ദ്രത്തെ ഒരു തടസവും കൂടാതെ നിരീക്ഷിക്കാന്‍ പറ്റുന്നൊരിടമാണ് ലക്ഷ്യം.

അതാണ് ലെഗ്രാഞ്ച് പോയിന്റ് ഒന്ന് അഥവാ എല്‍ 1. ഭൂമിയില്‍ നിന്നും 15 ലക്ഷം കിലോമീറ്റര്‍ അകലെയാണ് എല്‍ 1.സൂര്യന്റെയും ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്തിന്റെ പിടിവലി ഇവിടെ ഏകദേശം തുല്യമാണ്. ഭൂമിയുടെയും സൂര്യന്റെയും ഇടയില്‍ നിന്ന് മറ്റൊരു തടസവും കൂടാതെ ഇവിടെ നിന്ന് സൂര്യനെ നിരീക്ഷിക്കാം. ഭൂമിയുമായുള്ള ആശയവിനിമയവും തടസമില്ലാതെ നടക്കും.

ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റിലാണ് പേടകത്തെ സ്ഥാപിക്കുക. ഭൂമിയുടെ സഞ്ചാരത്തിനൊപ്പം ലഗ്രാഞ്ച് പോയിന്റും മാറുന്നതിനാല്‍ 365 ദിവസം കൊണ്ട് ആദിത്യ എല്‍ വണ്ണും സൂര്യനെ ചുറ്റി വരും. ഏഴ് പേ ലോഡുകളാണ് ആദിത്യ എല്‍ വണ്ണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. അതില്‍ നാലെണ്ണം റിമോട്ട് സെന്‍സിങ്ങ് ഉപകരണങ്ങളാണ്. സൂര്യന്റെ കൊറോണയെ പഠിക്കാനുള്ള വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണോഗ്രാഫ് അഥവാ VELC ആണ് ഒന്നാമത്തേത്. 


ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സാണ് ഈ ഉപകരണം നിര്‍മ്മിച്ചത്. സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ് അഥവാ SUIT ആണ് രണ്ടാമത്തെ ഉപഗ്രഹം. പൂനെയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോ ഫിസിക്‌സാണ് സ്യൂട്ടിന്റെ പിന്നില്‍. സൂര്യനില്‍ നിന്നുള്ള എക്‌സ് റേ തരംഗങ്ങളെ പഠിക്കാനുള്ള സോളാര്‍ ലോ എന്‍ര്‍ജി എക്‌സ് റേ സ്‌പെക്ട്രോ മീറ്റര്‍ അഥവാ SoLEXS, ഹൈ എനര്‍ജി എല്‍ വണ്‍ ഓര്‍ബിറ്റിങ്ങ് എക്‌സ് റേ സ്‌പെക്ട്രോമീറ്റര്‍ അഥവാ HEL1OS എന്നിവയാണ് മറ്റ് രണ്ട് പേ ലോഡുകള്‍.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media