ലക്ഷദ്വീപിലെ കോളേജുകള്‍ ഇനി പോണ്ടിച്ചേരി സര്‍വ്വകലാശാലക്ക് കീഴില്‍
കോഴിക്കോട്: ലക്ഷദ്വീപിലെ കോളജുകള്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് മാറ്റി പോണ്ടിച്ചേരി സര്‍വ്വകലാശാലയ്ക്ക് കൈമാറി. ലക്ഷദ്വീപ് ഭരണകൂടത്തിന്റേതാണ് തീരുമാനം. ഫയലുകള്‍ കൈമാറാന്‍ ലക്ഷദ്വീപ് ഉന്നതവിഭ്യാഭ്യാസ ഉദ്യോഗസ്ഥര്‍ കാലിക്കറ്റ് സര്‍വ്വകലാശാലയോട് ആവശ്യപ്പെട്ടു. അടുത്ത മാര്‍ച്ച് മുതല്‍ പൂര്‍ണ്ണമായും കോഴ്‌സുകള്‍ പോണ്ടിച്ചേരി സര്‍വ്വകലാശാലയുടെ കീഴിലാകും. 18 വര്‍ഷമായി കാലിക്കറ്റ് സര്‍വ്വകലാശാലയാണ് ലക്ഷദ്വീപിലെ കോഴ്‌സുകള്‍ നടത്തുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത് സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് സംബന്ധിച്ചുള്ള ഒരു ഉത്തരവാണ് ഇപ്പോള്‍ കാലിക്കറ്റ് സര്‍വ്വകലാശാലക്ക് ലഭിച്ചിരിക്കുന്നത്. അതില്‍ പറഞ്ഞിരിക്കുന്നത്, ലക്ഷദ്വീപിലെ എല്ലാ കോഴ്‌സുകളും ഇനി പോണ്ടിച്ചേരി സര്‍വ്വകലാശാലക്ക് ആയിരിക്കുമെന്നാണ്. കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന ഫയലുകള്‍ കൈമാറാനാണ് സര്‍വ്വകലാശാലയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ നിലവില്‍ കോഴ്‌സുകള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യന്‍ കാലിക്കറ്റ് സര്‍വ്വകലാശാല വിസി അടക്കമുള്ളവര്‍ അവിടേക്ക് പോകാനും ചര്‍ച്ച നടക്കാനുമിരിക്കുന്നതിന്റെ ഇടയിലാണ് ഇത്തരത്തിലൊരു നീക്കമുണ്ടായിരിക്കുന്നത്. അടുത്ത മാര്‍ച്ച് മുതല്‍ ലക്ഷദ്വീപിലെ എല്ലാ കോളേജുകളുടെയും നടത്തിപ്പ് പോണ്ടിച്ചേരി സര്‍വ്വകലാശാലക്ക് ആയിരിക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്.
ഇപ്പോള്‍ 4 കോടിയോളം രൂപ പരീക്ഷ നടത്തിപ്പ് വകയില്‍ ലക്ഷദ്വീപ് ഭരണകൂടം കാലിക്കറ്റ് സര്‍വ്വകലാശാലക്ക് നല്‍കാനുണ്ട്. അക്കാര്യത്തില്‍ ഒരു മറുപടിയും നല്‍കിയിട്ടില്ല. അതുകൊണ്ട് ഈ ഫയലുകള്‍ തല്‍ക്കാലം നല്‍കില്ല എന്ന തീരുമാനത്തിലാണ് കാലിക്കറ്റ് സര്‍വ്വകലാശാല ഉള്ളത്. സിന്‍ഡിക്കേറ്റ് ഇത് സംബന്ധിച്ച തീരുമാനം എടുത്തുവെന്നാണ് അറിയാന്‍ സാധിച്ചിട്ടുള്ളത്. കേരളവുമായിട്ടുള്ള ബന്ധം അറുത്തുമാറ്റുക എന്ന കൃത്യമായ ഒരു അജണ്ടയുടെ ഭാ?ഗമായിട്ടാണിത് എന്ന് വേണം കരുതാന്‍. ലക്ഷദ്വീപിലെ ആളുകള്‍ക്ക് പോണ്ടിച്ചേരിയിലെ സര്‍വ്വകലാശാലയില്‍ എത്താന്‍ തന്നെ രണ്ടോ മൂന്നോ ദിവസം വേണ്ടി വരും. അങ്ങനെയൊരു സാഹചര്യം ദ്വീപ് നിവാസികള്‍ക്കുണ്ടായാലും തല്‍ക്കാലം ഈ തീരുമാനത്തിലൂടെ മുന്നോട്ട് പോകാനാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ തീരുമാനം.
പുതുച്ചേരിയിലെ ഒരു കേന്ദ്ര സര്‍വ്വകലാശാലയാണ് പോണ്ടിച്ചേരി സര്‍വ്വകലാശാല. ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി ആക്റ്റ് വഴി 1985 -ല്‍ ഇത് സ്ഥാപിതമായി. കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരി, ലക്ഷദ്വീപ്, ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഈ സര്‍വ്വകലാശാലയ്ക്ക് കീഴില്‍ വരുന്നു. ഏകദേശം നൂറിനടുത്ത് കോളേജുകള്‍ സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. അഫിലിയേറ്റഡ് കോളേജകളിലായി 51,000 -ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. പുതുച്ചേരിയിലെ പ്രധാന ക്യാംപസിന് പുറമേ ലക്ഷദ്വീപിലും അന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും സെന്ററുകളുണ്ട്. സര്‍വ്വകലാശലയിലും സെന്ററുകളിലുമായി 6500 -ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.