പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരണസംഖ്യ 29 ആയി; 26 പേരെ തിരിച്ചറിഞ്ഞു, മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
 


ദില്ലി: രാജ്യത്തെ നടുക്കിയ കശ്മീര്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരണസംഖ്യ 29 ആയി. മരിച്ച 26 പേരുടെ പൂര്‍ണ്ണ വിവരണങ്ങള്‍ ലഭ്യമായി. ഗുജറാത്തില്‍ നിന്ന് മൂന്ന് പേര്‍, കര്‍ണാടകയില്‍ നിന്ന് മൂന്ന് പേര്‍, മഹാരാഷ്ട്ര യില്‍ നിന്ന് ആറ് പേര്‍, ബംഗാളില്‍ നിന്ന് രണ്ട് പേര്‍, ആന്ധ്രയില്‍ നിന്ന് ഒരാള്‍, കേരളത്തില്‍ നിന്ന് ഒരാള്‍, യുപി, ഒഡീഷ, ബീഹാര്‍, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരുമാണ് മരിച്ചവരുടെ പട്ടികയില്‍ ഉള്ളത്. നേപ്പാളില്‍ നിന്നുള്ള ഒരാളും മരിച്ചു. ശ്രീനഗറില്‍ എത്തിച്ച മൃതദേഹങ്ങള്‍ ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. കൊല്ലപ്പെട്ട മലയാളി കൊച്ചി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം എയര്‍ ഇന്ത്യ വിമാനത്തില്‍ ഒരു മണിയോടെ ദില്ലിയില്‍ എത്തിക്കും. അവിടെ നിന്ന് 4.30 നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ 7.30 ഓടുകൂടി നെടുമ്പാശേരിയിലെത്തിക്കും. അതേസമയം, ആക്രമണത്തില്‍ പരിക്കേറ്റ 17 പേരില്‍  മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്.  

പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ സൂത്രധാരന്‍ ലഷ്‌ക്കര്‍ ഇ ത്വയ്ബയുടെ കൊടും ഭീകരന്‍ സൈഫുള്ള കസൂരിയെന്ന് വിവരം. പാകിസ്ഥാനില്‍ ഇരുന്നാണ് ആക്രമണം നിയന്ത്രിച്ചതെന്നും രഹസ്യാന്വേഷണ വിവരം. കാശ്മീരില്‍ പോയി ഭീകര പരിശീലനം നേടിയവരാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. വിനോദ സഞ്ചാരികളെ വെടിവെച്ചുകൊന്ന ഭീകര സംഘത്തില്‍ ആര് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പ്രാദേശിക ഭീകരരാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘത്തില്‍ അഫ്ഗാന്‍ ഭാഷയായ പഷ്‌തോ സംസാരിക്കുന്നവരുമുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു. ഭീകരര്‍ക്കായി ബയ്‌സരണ്‍ വനമേഖലയില്‍ നാല് ഹെലികോപ്റ്ററുകളില്‍ സൈന്യം തെരച്ചില്‍ നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. അതേസമയം, ആക്രമണവുമായി ബന്ധമില്ലെന്ന് പാകിസ്ഥാന്‍ പ്രതികരിച്ചു.  


പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളീയര്‍ക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണമൊരുക്കി നോര്‍ക്ക റൂട്ട്‌സ്. നോര്‍ക്കയുടെ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ  18004253939 (ടോള്‍ ഫ്രീ നമ്പര്‍ ),  00918802012345 (മിസ്ഡ് കോള്‍) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. കാശ്മീരില്‍ കുടുങ്ങി പോയ, സഹായം ആവശ്യമായവര്‍ക്കും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവര്‍ക്കും ഹെല്‍പ്പ് ഡെസ്‌ക്ക് നന്പര്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ദില്ലിയില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേരള ഹൗസിനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media