കാലാവധി അവസാനിക്കാറായ പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടേണ്ട സാഹചര്യമില്ല; ഒഴിവുകളില്‍ ഉടന്‍ നിയമനമെന്ന് മുഖ്യമന്ത്രി 


തിരുവനന്തപുരം: കാലാവധി അവസാനിക്കാറായ പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒഴിവ് വരുന്ന എല്ലാ തസ്തികകളിലും റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് ഉറപ്പാക്കാന്‍ അഡ്മിനിസ്ട്രേറ്റീവ് വിജിലന്‍സ് പരിശോധന നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമ സഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

അതേസമയം, കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യഥാസമയം മത്സര പരീക്ഷകള്‍ നടത്താന്‍ പി.എസ്.സി.ക്ക് കഴിയാത്ത സാഹചര്യമുണ്ടായി. എന്നാല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെയും നിയമന ശിപാര്‍ശ നല്‍കുന്നതിനെയും ഇത് ബാധിക്കുന്നില്ല. മാത്രവുമല്ല, 05.02.2021നും 03.08.2021നുമിടയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി 04.08.2021 വരെ ദീര്‍ഘിപ്പിച്ചിരുന്നു. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് 4ന് അവസാനിക്കുന്നത് കണക്കിലെടുത്ത് അതുവരെയുള്ള മുഴവന്‍ ഒഴിവുകളും നിയമനാധികാരികള്‍ പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇതിനായി സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചുമതലപ്പെടുത്തണമെന്നും മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ടുചെയ്യുന്നതില്‍ വീഴ്ചവരുത്തുന്ന വകുപ്പു മേധാവികള്‍ക്കും നിയമനാധികാരികള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിനാവശ്യമായ സത്വര നടപടികള്‍ സര്‍ക്കാരും നിയമനാധികാരികളും പബ്ലിക് സര്‍വ്വീസ് കമ്മീഷനും സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

സീനിയോറിറ്റി തര്‍ക്കം, പ്രൊമോഷന് യോഗ്യരായവരുടെ അഭാവം, കോടതി കേസുകള്‍ എന്നിവ മൂലം റെഗുലര്‍ പ്രൊമോഷനുകള്‍ തടസ്സപ്പെട്ട് എന്‍ട്രി കേഡറില്‍ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്ത കേസുകള്‍ കണ്ടെത്തി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പധ്യക്ഷന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയുണ്ടായി. ഇക്കാര്യത്തില്‍ വകുപ്പ് അദ്ധ്യക്ഷന്മാര്‍ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സീനിയോറിറ്റി തര്‍ക്കം നിലനില്‍ക്കുന്ന കേസുകളില്‍ റെഗുലര്‍ പ്രൊമോഷന്‍ സ്റ്റേ ചെയ്തുകൊണ്ട് കോടതി/ട്രിബ്യൂണലില്‍ നിന്നും ഇടക്കാല ഉത്തരവുകള്‍ നല്‍കിയിട്ടുള്ള കേസുകളില്‍ താല്‍ക്കാലിക പ്രൊമോഷന്‍ നടത്തി അതിന്റെ ഫലമായി വരുന്ന ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു തസ്തികയില്‍ പ്രൊമോഷന്‍ അനുവദിക്കുന്നതിന് ഒഴിവുകള്‍ നിലനില്‍ക്കുകയും എന്നാല്‍ പ്രൊമോഷന്‍ നല്‍കുന്നതിന് അര്‍ഹത/ യോഗ്യതയുള്ളവരുടെ അഭാവം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രസ്തുത തസ്തികകള്‍ റാങ്ക് ലിസ്റ്റ് നിലവിലുള്ള കേഡറിലേയ്ക്ക് താല്‍ക്കാലികമായി തരംതാഴ്ത്തി, അപ്രകാരമുണ്ടാകുന്ന ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എല്ലാ ഒഴിവുകളും കൃത്യതയോടെ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഇതിനകം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ കൃത്യത പരിശോധിക്കുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് വിജിലന്‍സ് വിവിധ ഓഫീസുകളില്‍ പരിശോധന നടത്തുന്നുണ്ട്. ഇതിനു പുറമേ, ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ട ചുമതലയില്‍ ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരുള്‍പ്പെട്ട സമിതി 13.02.2021ല്‍ രൂപീകരിച്ചിരുന്നു.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യം, പോലീസ് തുടങ്ങി വിവിധ വകുപ്പുകളിലായി ഇരുപതിനായിരത്തിലധികം പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയുണ്ടായി. 25.05.2016 മുതല്‍ 19.05.2021 വരെ 4,223 റാങ്ക് ലിസ്റ്റുകളാണ് പി.എസ്.സി പ്രസിദ്ധീകരിച്ചത്. മുന്‍ യു.ഡി.എഫ് ഭരണകാലത്ത് 3,418 റാങ്ക് ലിസ്റ്റുകള്‍ മാത്രമാണ് പ്രസിദ്ധപ്പെടുത്തിയത്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 1,61,361 നിയമനശുപാര്‍ശ നല്‍കിയിട്ടുണ്ട്. മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ 1,54,384 നിയമന ശുപാര്‍ശ നല്‍കിയെങ്കിലും അതിലുള്‍പ്പെട്ട 4,031 പേര്‍ക്ക് എല്‍.ഡി.എഫ് സര്‍ക്കാരാണ് നിയമനം നല്‍കിയത്.

നിയമനങ്ങള്‍ പരമാവധി പി.എസ്.സി മുഖേന നടത്തണമെന്നതാണ് സര്‍ക്കാരിന്റെ നയം. കോവിഡ് വ്യാപനം കാരണം മാറ്റിവച്ചിട്ടുള്ള പി.എസ്.സി പരീക്ഷകളും ഇന്റര്‍വ്യൂകളും കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞാലുടനെ പുനരാരംഭിക്കാന്‍ പി.എസ്.സി നടപടി സ്വീകരിക്കുന്നതാണ്. നിലവിലുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നല്‍കുകയും ചെയ്യുക എന്നുള്ളത് സര്‍ക്കാരിന്റെ നയമല്ല. റാങ്ക് ലിസ്റ്റുകളില്‍ നിന്നും മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ അവയുടെ കാലാവധി നീട്ടേണ്ട സാഹചര്യം നിലവിലില്ല.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media