ആധാര്‍ കാര്‍ഡ് നഷ്ടമായോ? എസ്എംഎസ് വഴി ലോക്ക് ചെയ്യാം
സുപ്രധാന തിരിച്ചറിയല്‍ രേഖയെന്ന നിലയില്‍ രാജ്യത്തെ ഓരോ പൗരനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ആധാര്‍ കാണാതാവുന്നത് വളരെ അപകരമാണ്. കാരണം അവ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പ് ഉള്‍പ്പടെയുള്ളവ നടത്താനാകും. അതിനാല്‍ ആധാര്‍ സൂക്ഷിച്ചുവയ്‌ക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ബാങ്കിങ് അല്ലെങ്കില്‍ സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിനായി ആധാര്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനുമാകും.
ഡാറ്റ സുരക്ഷയും സ്വകാര്യതയും ശക്തിപ്പെടുത്തുന്നതിനാണ് യുഐഡിഎഐ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്കായി ഇത്തരമൊരു സൗകര്യമൊരുക്കിയത്. ആധാര്‍ നഷ്ടമായാല്‍ ഉപഭോക്താക്കള്‍ ആദ്യം ചെയ്യേണ്ടത് അവ ലോക്ക് ചെയ്യുകയാണ്. ഇതോടെ ആധാര്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ചുകൊണ്ട് തട്ടിപ്പ് നടത്താന്‍ കഴിയില്ല. കാരണം കാര്‍ഡ് അണ്‍ലേക്ക് ചെയ്യാന്‍ വിഐഡി അഥവാ വെര്‍ച്വല്‍ ഐഡി പ്രാമാണീകരണം ആവശ്യമാണ്. അത് ആധാര്‍ കാര്‍ഡ് ഉടമയ്ക്ക് മാത്രമേ ലഭിക്കുകയുള്ളൂ.
ഒരാളുടെ ആധാര്‍ കാര്‍ഡ് ലോക്ക് ചെയ്യുന്നതിന് കാര്‍ഡ് ഉടമയ്ക്ക് 16 അക്ക വിഐഡി ആവശ്യമാണ്. ആധാര്‍ കാര്‍ഡ് ഉടമയ്ക്ക് 16 അക്ക വിഐഡി ഇല്ലെങ്കില്‍ 1947 ലേക്ക് എസ്എംഎസ് അയച്ചുകൊണ്ട് അത് നേടാന്‍ കഴിയും. GETOTP (സ്‌പേസ്) ആധാര്‍ കാര്‍ഡിന്റെ അവസാന നാല് അക്കങ്ങള്‍ എന്ന ഫോര്‍മാറ്റിലാണ് എസ്എംഎസ് അയക്കേണ്ടത്. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്നാണ് എസ്എംഎസ് അയക്കേണ്ടത്. കാരണം ഈ നമ്പറിലേക്കാണ് യിഐഡിഎഐയില്‍നിന്ന് 6 അക്ക ഒടിപി വരിക. ഒടിപി ലഭിച്ച ശേഷം LOCKUID എന്ന ഫോര്‍മാറ്റില്‍ അതേ നമ്പറിലേക്ക് തന്നെ മറ്റൊരു എസ്എംഎസ് കൂടി അയയ്ക്കണം.
ആധാര്‍ കാര്‍ഡിന്റെ അവസാന 4 അക്ക നമ്പറും 6 അക്ക ഒടിപിയും ഇതിനൊപ്പം സ്‌പേസ് ഇട്ട് അയക്കണം. ( LOCKUID (സ്‌പേസ്) ആധാര്‍ കാര്‍ഡിന്റെ അവസാന 4 അക്ക നമ്പര്‍ (സ്‌പേസ്) 6 അക്ക ഒടിപി). ഈ എസ്എംഎസ് അയക്കുന്നതോടെ ആധാര്‍ കാര്‍ഡ് ലോക്ക് ആകും. ലോക്ക് ചെയ്താല്‍ ഉടന്‍ യുഐഡിഎഐയില്‍നിന്ന് ഒരു സ്ഥിരീകരണ എസ്എംസും ലഭിക്കും. ഇതുകൂടാതെ പുതിയ ആധാര്‍ കാര്‍ഡ് ലഭിച്ചാലുടന്‍ അവ അണ്‍ലോക്ക് ചെയ്യാനുമാകും.
ആധാര്‍ കാര്‍ഡ് അണ്‍ലോക്ക് ചെയ്യുന്നതെങ്ങനെ
രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് GETOTP (സ്‌പേസ്) വെര്‍ച്വല്‍ ഐഡിയുടെ അവസാന നാല് അക്കങ്ങള്‍ എന്ന ഫോര്‍മാറ്റില്‍ 1947ലേക്ക് എസ്എംഎസ് അയക്കുക.
6 അക്ക ഒടിപി ലഭിക്കും
ഒടിപി ലഭിച്ചതിന് ശേഷം അതേ നമ്പറില്‍ മറ്റൊരു എസ്എംഎസ് കൂടി അയയ്ക്കുക.
UNLOCKUID (സ്‌പേസ്) വിഐഡിയുടെ അവസാന ആറ് അക്കങ്ങള്‍ (സ്‌പേസ്) ആറ് അക്ക ഒടിപി എന്നാണ് എസ്എംഎസ് ടെക്സ്റ്റ് ഫോര്‍മാറ്റ്
ഇതോടെ ആധാര്‍ അണ്‍ലോക്ക് ആകും
ഇത് സ്ഥിരീകരിക്കുന്ന ഒരു എസ്എംഎസും ലഭിക്കും