നടി ശരണ്യ ശശി അന്തരിച്ചു
തിരുവനന്തപുരം: നടി ശരണ്യ ശശി അന്തരിച്ചു. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ പത്ത് വര്‍ഷമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു ശരണ്യ. അടുത്തിടെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശരണ്യയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
നിരവധിത്തവണ അര്‍ബുദത്തെ തോല്‍പ്പിച്ച ശരണ്യയുടെ ജീവിതം മറ്റുള്ളവര്‍ക്കൊരു മാതൃക തന്നെയായിരുന്നു. സിനിമ സീരിയല്‍ അഭിനയത്തിലൂടെയാണ് ശരണ്യ പ്രശസ്തയാകുന്നത്. 2012ലാണ് ബ്രെയിന്‍ ട്യൂമര്‍ ആദ്യം തിരിച്ചറിയുന്നത്. നിരവധിത്തവണ ശസ്ത്രക്രിയയ്ക്കു വിധേയയായ അവര്‍ ആത്മവിശ്വാസം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നിരുന്നു.
രോഗാവസ്ഥ നിരന്തരം വേട്ടയാടുമ്പോള്‍ ചികിത്സ ലഭ്യമാക്കാന്‍ ശരണ്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മുന്‍പ് സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്തയായിരുന്നു. സാമൂഹ്യപ്രവര്‍ത്തകനായ സൂരജ് പാലാക്കാരനും നടി സീമ ജി നായരും ശരണ്യയുടെ അവസ്ഥ വ്യക്തമാക്കി സഹായമഭ്യര്‍ഥിച്ച് രംഗത്തെത്തിയിരുന്നു.