റിയാദ്: സൗദി അറേബ്യയില്‍ പൊടുന്നനെ അടിച്ചവീശിയ പൊടിക്കാറ്റിനെ തുടര്‍ന്ന് 17 വാഹനങ്ങള്‍ ഒന്നിനെ പിറകെ ഒന്നായി കൂട്ടിയിടിച്ച് നാല് പേര്‍ മരിക്കുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് അപകട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റിയാദ് മേഖലയിലെ അല്‍ റയ്ന്‍ ഗവര്‍ണറേറ്റിനെയും തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ അസീറിലെ ബിഷയെയും ബന്ധിപ്പിക്കുന്ന റോഡിലാണ് കാറുകളും ട്രക്കുകളും ഉള്‍പ്പെടുന്ന വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് വന്‍ അപകടം ഉണ്ടായത്.
പെട്ടെന്നുണ്ടായ മണല്‍ക്കാറ്റ് കാരണം അന്തരീക്ഷത്തില്‍ മണല്‍ ഉയര്‍ന്നുപൊങ്ങിയതോടെ റോഡിലെ കാഴ്ച മറയുകയായിരുന്നു. സൗദിയിലെ റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥിരീകരിച്ചു. നാലു പേര്‍ സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു. പരിക്കേറ്റ 19 പേരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരെ റെഡ് ക്രസന്റ് സംഘം അല്‍ റയ്ന്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഏഴ് പേരാണ് നിലവില്‍ ഇവിടെ ചികിത്സയിലുള്ളത്. മറ്റ് നാല് പേരെ സമീപത്തെ മെഡിക്കല്‍ ക്ലിനിക്കുകളിലേക്ക് മാറ്റി.