കോവിഡ് അവലോകന യോഗം ഇന്ന്; കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ വന്നേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന കൊവിഡ് അവലോകന യോഗത്തിലായിരിക്കും തീരുമാനം. ഇന്നാണ് യോഗം. വിവാഹച്ചടങ്ങുകളില്‍ പങ്കെുക്കാന്‍ അനുവദിക്കുന്നവരുടെ എണ്ണം കൂട്ടിയേക്കും. ഡബ്ല്യുഐപിആര്‍ പരിധിയിലും മാറ്റം വരുത്തിയേക്കും. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങളും യോഗം വിലയിരുത്തും.
തീയേറ്റര്‍ തുറക്കുന്നതും യോഗം പരിഗണിക്കും. ഉടന്‍ തീയേറ്ററുകള്‍ തുറക്കുന്നതിന് ആരോഗ്യവകുപ്പ് എതിരാണ്. അതിനാല്‍ ഒരു തീയതി നിശ്ചയിച്ച് തീയേറ്ററുകള്‍ തുറക്കുന്നത് പരിഗണിക്കാനാണ് സാധ്യത.
സ്‌കൂള്‍ തുറക്കലിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് രണ്ടാം ഘട്ട യോഗങ്ങള്‍ നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം ചേരും. മൂന്നരയ്ക്ക് തൊഴിലാളി സംഘടനകളുമായും അഞ്ച് മണിക്ക് മേയര്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ എന്നിവരുമായും ചര്‍ച്ച നടത്തും. ആറു മണിക്ക് ഡിഡിഇമാരുടെയും ആര്‍ഡിഡിമാരുടെയും യോഗം ചേരും. ഞായറാഴ്ചാണ് ഡിഇഒമാരുടെ യോഗം.
സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുമ്പോള്‍ നേരിട്ട് പഠന ഭാഗത്തിലേക്ക് കടക്കേണ്ട എന്നാണ് തീരുമാനം. ആദ്യ ദിവസങ്ങളില്‍ കുട്ടികളുടെ സമ്മര്‍ദ്ദം അകറ്റാനുള്ള ക്ലാസുകളായിരിക്കും നടത്തുക. പിന്നീട് പ്രത്യേക ഫോകസ്സ് ഏരിയ നിശ്ചയിച്ച് പഠിപ്പിക്കാനാണ് തീരുമാനം. പ്രൈമറി ക്ലാസുകള്‍ക്ക് വേണ്ട് ബ്രിഡ്ജ് സിലബസ് തയ്യാറാക്കും. ആദ്യ മാസം ഹാജറും യൂണിഫോമും നിര്‍ബന്ധം ആക്കില്ല. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ മാര്‍ഗ രേഖ ഒക്ടോബര്‍ അഞ്ചിന് തയ്യാറാക്കും.