ബലക്ഷയമെന്ന് റിപ്പോര്‍ട്ട്: കോഴിക്കോട്ടെ കെഎസ്ആര്‍ടിസി  കെട്ടിട്ടം ഒഴിപ്പിക്കാന്‍ ഗതാഗതമന്ത്രിയുടെ ഉത്തരവ്


ബലക്ഷയമെന്ന് റിപ്പോര്‍ട്ട്: കോഴിക്കോട്ടെ കെഎസ്ആര്‍ടിസി 
കെട്ടിട്ടം ഒഴിപ്പിക്കാന്‍ ഗതാഗതമന്ത്രിയുടെ ഉത്തരവ്
കെട്ടിട നിര്‍മാണത്തിലെ അപാകത അന്വേഷിക്കുന്ന വിജിലന്‍സിനോട് ഐഐടി റിപ്പോര്‍ട്ട് കൂടി പരിഗണിക്കാനും ഗതാഗത മന്ത്രി നിര്‍ദ്ദേശം നല്‍കി.
കോഴിക്കോട്: വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്തിനൊടുവില്‍ പ്രവര്‍ത്തനസജ്ജമായ കോഴിക്കോട്ടെ കെഎസ്ആര്‍ടിസി കെട്ടിടം ഒരു മാസത്തിനകം ഒഴിപ്പിക്കാന്‍ ഗതാഗത മന്ത്രിയുടെ ഉത്തരവ്. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന ചെന്നൈ ഐഐടിയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഉത്തരവ്.  കെട്ടിട നിര്‍മാണത്തിലെ അപാകത അന്വേഷിക്കുന്ന വിജിലന്‍സിനോട് ഐഐടി റിപ്പോര്‍ട്ട് കൂടി പരിഗണിക്കാനും ഗതാഗത മന്ത്രി നിര്‍ദ്ദേശം നല്‍കി.

നിര്‍മാണ ഘട്ടത്തില്‍ തന്നെ ഒട്ടേറെ വിവാദമുണ്ടായ കെട്ടിടമാണ് കോഴിക്കോട്ടെ കെഎസ്ആര്‍ടിസി സമുച്ചയം. നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് ചെന്നൈ ഐഐടി പഠനം നടത്തിയത്.  ഐഐടിയിലെ സ്ട്രക്ചറല്‍ എഞ്ചിനിയറിംഗ് വിദഗ്ദന്‍ അളകപ്പ സുന്ദരത്തിന്റെ നേതൃത്വത്തിലുള്ള പഠനത്തില്‍ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കെട്ടിടം ഉടന്‍ ബലപ്പെടുത്തണമെന്ന് സംഘം ശുപാര്‍ശ ചെയ്തു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തിയത്. കെട്ടിടം ഒരുമാസത്തിനകം ഒഴിപ്പിക്കും. തുടര്‍ന്ന് ബലപ്പെടുത്തലിനുള്ള നിര്‍മാണ പ്രവൃത്തികള്‍ക്കായി പുതിയ ടെണ്ടര്‍ വിളിക്കും. 75 കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിര്‍മിച്ചത്. ബലപ്പെടുത്താന്‍ 30 കോടി രൂപ കൂടി ചെലവിടാനുള്ള നീക്കത്തില്‍ ദുരൂഹതയുണ്ടെന്നാണ് തൊഴിലാളി സംഘടനകളുടെ ആരോപണം.

കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കെഎസ്ആര്‍ടിസി പൂര്‍ണ തോതില്‍ ഉപയോഗിച്ച് തുടങ്ങിയത്. ബലക്ഷയമുണ്ടെന്ന റിപ്പോര്‍ട്ട് വന്നതോടെ വീണ്ടും കോഴിക്കോട്ടെ കെഎസ്ആര്‍ടിസി സമുച്ചയത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ഒട്ടേറെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കെഎസ്ആര്‍ടിസിക്ക് മുന്നിലുണ്ട്. എട്ട് കിലോ മീറ്റര്‍ അകലെയുള്ള പാവങ്ങാട് ഡിപ്പോയിലേക്ക് സര്‍വ്വീസുകള്‍ മാറ്റുന്നത് അധിക ചെലവിനിടയാക്കും.  നഗരപരിധിയില്‍ സ്ഥലം കണ്ടെത്തി താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് കെഎസ്ആര്‍ടിസി.

2015ലാണ് ഒന്‍പത് നിലകളിലായി രണ്ട് നിലയില്‍ വ്യാപാര സമുച്ചയവും കെഎസ്ആര്‍ടിസി സ്റ്റാന്റും ഉള്‍പ്പെടുന്ന കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്. എന്നാല്‍ കൃത്യം ആറു വര്‍ഷത്തിനിപ്പുറം കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന റിപ്പോര്‍ട്ട് വരുമ്പോള്‍ ആരാണ് അതിനുത്തരവാദികള്‍ എന്ന് വ്യക്തമാക്കേണ്ട ബാധ്യത അധികൃതര്‍ക്കുണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media