ഖത്തര്‍ ലോകകപ്പ് ഫൈനല്‍; അവസാന മിനുക്കുപണിയില്‍ ലുസൈല്‍ സ്റ്റേഡിയം


ദോഹ: 2022 ഡിസംബര്‍ 18ന് നടക്കുന്ന ഖത്തര്‍ ലോകകപ്പ് ഫൈനല്‍ മല്‍സരത്തിന് ആതിഥ്യമരുളുന്ന ലുസൈല്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇനി അവേശേഷിക്കുന്നത് അവസാന മിനുക്കു പണികള്‍ മാത്രം. അതിമനോഹരമായ ടര്‍ഫ് കൂടി സ്ഥാപിച്ചതോടെ സ്റ്റേഡിയത്തിന്റെറ 80 ശതമാനം നിര്‍മ്മാണ ജോലികളും പൂര്‍ത്തിയായതായി ഖത്തര്‍ സുപ്രീം കമ്മിറ്റി അറിയിച്ചു. സ്റ്റേഡിയത്തില്‍ പുല്‍ത്തകിടി പാകുന്നതിന്റെ ദൃശ്യങ്ങള്‍ ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി ട്വിറ്ററില്‍ പങ്കുവെച്ചു.

എണ്‍പതിനായിരം പേര്‍ക്ക് ഒന്നിച്ചിരുന്ന് കളി കാണാവുന്ന ഈ സ്റ്റേഡിയത്തിന്റെ നിര്‍മാണ ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയായതായി അധകൃതര്‍ വ്യക്തമാക്കി. ഗാലറിയുടെ മേല്‍ക്കൂര സ്ഥാപിക്കുന്ന ജോലികള്‍ അന്തിമ ഘട്ടത്തിലാണ്. അടുത്ത വര്‍ഷം ആദ്യത്തോടെ സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി. പ്രാചീന അറബികളുടെ വീടുകളില്‍ വെളിച്ചം പകരാന്‍ ഉപയോഗിച്ചിരുന്ന ഫനാര്‍ എന്നു പേരുള്ള വിളക്കിന്റെ രൂപത്തിലാണ് സ്റ്റേഡിയത്തിന്റെ അതിമനോഹരമായ രൂപകല്‍പ്പന. ബ്രിട്ടീഷ് കമ്പനിയായ ഫോസ്റ്റര്‍ പാര്‍ട്ണേഴ്സാണ് സ്റ്റേഡിയത്തിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്. എച്ച്ബികെ ചൈന റെയില്‍വെ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ സിആര്‍സിസി എന്നീ കമ്പനികള്‍ ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിക്കുന്നത്.

ഫിഫ ഫുട്ബോള്‍ ലോകകപ്പിനായി ഖത്തര്‍ സജ്ജമാക്കുന്ന എട്ടാമത്തെ സ്റ്റേഡിയമാണ് ലുസൈല്‍. ഇവയില്‍ ഖലീഫ ഇന്റര്‍നാഷനല്‍, അല്‍ ജനൂബ്, എഡ്യുക്കേഷന്‍ സിറ്റി, അഹ്‌മദ് ബിന്‍ അലി, അല്‍ ബയ്ത്ത് എന്നീ അഞ്ച് സ്റ്റേഡിയങ്ങളുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. ആറാമത്തെ അല്‍ തുമാമ സ്റ്റേഡിയം അമീര്‍ കപ്പ് ഫൈനല്‍ മല്‍സരത്തിന് മുന്നോടിയായി ഒക്ടോബര്‍ 22ന് ഉദ്ഘാടനം ചെയ്യും. ഏഴാമത്തെ സ്റ്റേഡിയമായ റാസ് അല്‍ അബൂദ് സ്റ്റേഡിയത്തിലാണ് നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ഫിഫ അറബ് കപ്പിലെ ആദ്യ മല്‍സരങ്ങള്‍ നടക്കുക. അതിനു മുമ്പായി ഈ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും നടക്കും. ഫിഫ ലോകകപ്പിനായി ഒരുക്കിയ ആറ് സ്റ്റേഡിയങ്ങളിലായാണ് ഫിഫ അറബ് കപ്പ് മല്‍സരങ്ങള്‍ നടക്കുക. ഫൈനലുള്‍പ്പെടെ മൊത്തം 10 ലോകകപ്പ് മത്സരങ്ങള്‍ക്ക് ലുസൈല്‍ സ്റ്റേഡിയം സാക്ഷിയാവും.

സാധാരണ ഫിഫ ലോകകപ്പ് നടക്കുന്ന സ്റ്റേഡിയങ്ങള്‍ തമ്മില്‍ വലിയ ദൂരമുണ്ടാവുക പതിവാണ്. ഒരു സ്റ്റേഡിയത്തില്‍ നിന്ന് മറ്റൊന്നിലേക്ക് വിമാന യാത്ര ഉള്‍പ്പെടെ നടത്തിയാണ് പലപ്പോഴും കാണികളും കളിക്കാരും എത്തിയിരുന്നത്. എന്നാല്‍ എല്ലാ സ്റ്റേഡിയങ്ങളും അടുത്തടുത്തായാണ് സ്ഥിതി ചെയ്യുന്നതെന്നതാണ് ഖത്തര്‍ ലോകകപ്പിന്റെ സവിശേഷത. രണ്ട് സ്റ്റേഡിയങ്ങള്‍ക്കിടയിലെ ഏറ്റവും കൂടിയ ദൂരം 75 കിലോമീറ്റര്‍ മാത്രമാണ്. ഖത്തര്‍ ലോകകപ്പിനെത്തുന്ന കാണികള്‍ക്ക് ഓരോ മല്‍സരത്തിനുമായി താമസ സ്ഥലം മാറേണ്ട ആവശ്യം ഇതിനാല്‍ ഉണ്ടാവില്ല. വന്ന ഉടനെ എടുക്കുന്ന താമസ സ്ഥലത്ത് തന്നെ മല്‍സരം കഴിയുന്നതുവരെ താമസിക്കാം. കളിക്കാര്‍ക്കാണ് ഇത് ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുക. അവര്‍ക്ക് മല്‍സരങ്ങള്‍ക്കിടയില്‍ ആവശ്യത്തിന് വിശ്രമവും പരിശീലനവും ലഭിക്കാന്‍ ഇത് സഹായിക്കും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media