ശ്രീലങ്ക സമര കലുഷിതമാണ്. പണപ്പെരുപ്പത്തിലും അതേത്തുടര്‍ന്നുള്ള വിലക്കയറ്റത്തിലും ജീവിക്കാനാവാതെ ജനങ്ങള്‍ തെരുവിലിറങ്ങി പോരാട്ടങ്ങള്‍ നടത്തുന്നു. ജീവിക്കാനായുള്ള പോരാട്ടം. അടിച്ചമര്‍ത്താനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. സമരത്തെ നേരിടാന്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ കഴിഞ്ഞ ദിവസം പിന്‍വലിച്ചു. പ്രസിഡന്റ് ഗോട്ടബയ രജപക്സെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.
നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ എങ്ങിനെ മറികടക്കും. അതിന് ഭരണകര്‍ത്താക്കള്‍ക്കു മുന്നില്‍ ഉത്തരമില്ല. അതു കൊണ്ടു തന്നെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കത്തിപ്പടരുന്നു. ജനങ്ങളില്‍ പലരും രാജ്യത്തു നിന്നു പാലായനം ചെയ്യുന്നു. ഘടക കക്ഷികള്‍ കൂട്ടമായി മുന്നണി വിട്ടതോടെ ഭൂരിപക്ഷം നഷ്ടമായി രാജപക്സെ സര്‍ക്കാരിന്. 14 അംഗങ്ങള്‍ ഉള്ള ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടിയടക്കം രജപക്സെയുടെ പൊതുജന മുന്നണിയില്‍ നിന്ന് വിട്ട് പാര്‍ലമെന്റില്‍ സ്വതന്ത്രരായി ഇരിക്കാന്‍ തീരുമാനിച്ചിരിക്കയാണ്. 225 അംഗ ലങ്കന്‍ പാര്‍ലമെന്റില്‍ 145 അംഗങ്ങളുടെ പിന്തുണയാണ് രചപക്സെ സര്‍ക്കാരിനുണ്ടായിരുന്നത്. നാല്‍പ്പതിലേറെ എംപിമാര്‍ പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാര്‍ ന്യൂനപക്ഷമായി. സര്‍വ്വകക്ഷി സര്‍ക്കാര്‍ ഉണ്ടാക്കി പ്രതിസന്ധിയെ നേരിടാമെന്ന രജപക്സേമാരുടെ നിര്‍ദ്ദേശം പ്രതിപക്ഷ പാര്‍ട്ടികള്‍ തള്ളിക്കളഞ്ഞിരിക്കയാണ്. സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാന്‍ പുതിയ ധനമന്ത്രിയെ തെരഞ്ഞെടുത്തെങ്കിലും അതും പരാജയം. ധനമന്ത്രിയായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത അലി സാബ്രി 24 മണിക്കൂര്‍ തികയും മുമ്പെ രാജിവച്ചു.
അടിസ്ഥാന സൗകര്യ വികസനത്തിനായി യാതൊരു നിയന്ത്രണവും ഇല്ലാതെ എടുത്തുകൂട്ടിയ വിദേശ വായപ്പകളാണ് ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്കുള്ള പ്രധാന കാരണം. മഹീന്ദ രജപക്സെ പ്രസിഡന്റായ കാലം തൊട്ട് 2019 വരെ പന്ത്രണ്ട് ബില്യന്‍ യുഎസ് ഡോളറാണ് ചൈനയില്‍ നിന്ന വിവിധ പദ്ധതികള്‍ക്കായി ശ്രീലങ്ക വായ്പയെടുത്തത്. പദ്ധതികളില്‍ നിന്ന് പ്രതീക്ഷിച്ച നേട്ടം കിട്ടാതിരിക്കുകയും കരുതല്‍ ധനം കാലിയാവുകയും ചെയ്തതോടെ ശ്രീലങ്കന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. വരുമാനത്തിന്റെ 83 ശതമാനവും തിരിച്ചടവുകള്‍ക്കായി ചെലവഴിക്കേണ്ടി വന്നതോടെ സാമ്പത്തിക തകര്‍ച്ച പൂര്‍ണമായി.
കൊളമ്പോ നഗരത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ശ്രീലങ്ക ഒരു വികസിത രാജ്യം ആണെന്ന് തോന്നിപ്പോകും. ഇരു വശത്തും ആകാശം മുട്ടേയുള്ള കെട്ടിടങ്ങള്‍. മികച്ച റോഡുകള്‍, പാലങ്ങള്‍, പവര്‍ പ്ലാന്റുകള്‍ പാര്‍ക്കുകള്‍,തുറമുഖങ്ങള്‍, 2000 മുതലാണ് ശ്രീലങ്ക അടിസ്ഥാന സൗകര്യത്തില്‍ ഊന്നല്‍ നല്‍കിയുള്ള വികസന നയം സ്വീകരിക്കുന്നത്. ഇത് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നും രാജ്യം പുരോഗതിയിലേക്ക് കുതിക്കുമെന്നുമായിരുന്നു പ്രഖ്യാപനം.
പദ്ധതികള്‍ക്കെല്ലാം കയ്യയച്ച് കടം നല്‍കിയതാകട്ടെ ചൈനയും.1.4 ബില്യന്‍ ചെലവഴിച്ചുള്ള കൊളമ്പോ പോര്‍ട്ട് സിറ്റിയാണ് ഇതില്‍ ഭീമന്‍ പദ്ധതി. സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങള്‍ മനസിലാക്കാതെയും പ്രോജക്ടുകള്‍ ലാഭകരമാകുമോ എന്ന് പഠിക്കാതെയും നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിനയായി. 2018-ഓടെ കടം 5 ബില്യന്‍ ഡോളറിന് മുകളിലേക്ക് ഉയര്‍ന്നു. 6.5 ശതമാനം എന്ന കൂടിയ പലിശയ്ക്കാണ് ചൈനയുടെ ലോണുകളെന്നതും ചേര്‍ത്ത് വായിക്കണം.
ആവശ്യത്തിന് കരുതല്‍ ധനമുണ്ടെന്ന് സെന്‍ട്രല്‍ ബാങ്ക് പറയുന്നത് പൊള്ളയായ അവകാശവാദമാണ്. ഇന്ധന ഇറക്കുമതിക്ക് ആവശ്യമായ ഡോളര്‍ രാജ്യത്തില്ല. തെറ്റായ സാമ്പത്തിക നയങ്ങളാണ് കാര്യങ്ങള്‍ വഷളാക്കിയത്. ചൈനയുടെ സാമ്പത്തിക സഹായത്തോടെ നിര്‍മ്മിച്ച ലോട്ടസ് ടവറും, ഹമ്പന്‍ ടോട്ട തുറമുഖവുമൊക്കെ മൂന്ന് വര്‍ഷം പിന്നിടുമ്പോഴും പത്ത് പൈസയുടെ ഉപകാരം പോലുമില്ലതെ ലങ്കക്കാരെ നോക്കി പല്ലിളിച്ചു കാണിക്കുന്നു. ഇന്ന് ശ്രീലങ്കയ്ക്ക് അവരുടെ അവരുടെ ജിഡിപിയുടെ സിംഹഭാഗവും ലോണടക്കാന്‍ മാറ്റിവെക്കേണ്ടി വരുന്നു. കടം കൊടുക്കല്‍ ശ്രീലങ്കയുടെ തുറമുഖങ്ങള്‍ ഉള്‍പെടെയുള്ള തന്ത്രപ്രധാനമായ നിര്‍മ്മിതികള്‍ സ്വന്തമാക്കാനുള്ള ചൈനയുടെ ആസൂത്രിത നീക്കമാണെന്ന് സംശയിക്കുന്നവരും ഉണ്ട്.
ശ്രീലങ്ക ലോകത്തിനു നല്‍കുന്നത് ഒരു പാഠമാണ്. പണ്ട് ഒരു പഴംചൊല്ലുണ്ട്. ''വരവു ചിലവറിയാതെ മാടമ്പി തുള്ളിയാല്‍ ഇരവു പകലറിയാതെ ഏകാദശി നോല്‍ക്കും''. അത്തരമൊരു ഏകാദശിയിലാണ് ഇപ്പോള്‍ ഓരോ ശ്രീലങ്കക്കാരനും. ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെ സകലതിനും വില കുതിച്ചുയര്‍ന്നതോടെ വിശന്നു വലഞ്ഞ് പട്ടിണിയും പരിവെട്ടവും.
കേരളവും ശ്രീലങ്കയും തമ്മില്‍ സാമ്യതകളേറെയുണ്ട്.ഒരേ ഭൂപ്രകൃതി. രണ്ടിടത്തും പ്രധാന വരുമാനം ടൂറിസത്തെ ആശ്രയിച്ചാണ്. ശ്രീലങ്കയില്‍ ടൂറിസം മേഖല നാള്‍ക്കുനാള്‍ തഴച്ചു വളരുകയായിരുന്നു. പക്ഷെ എല്ലാം ചില്ലു കൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞു. ഇതൊക്കെ കാണുമ്പോള്‍ മനസില്‍ ഒരു ചോദ്യം ഉയരുന്നുണ്ട്. വന്‍തോതില്‍ വിദേശ കടം വാങ്ങിയുള്ള കെ. റെയില്‍ നമുക്കു വേണോ? ഞാന്‍ വികസന വിരോധിയൊന്നുമല്ല. വികസനം വേണം. പക്ഷെ അത് സാമ്പത്തിക ഭദ്രത കൈവിരിച്ചിട്ടു പോരെ? ചൈനയില്‍ നിന്ന് കടം വാങ്ങിയ ശ്രീലങ്കക്ക് വന്ന അവസ്ഥ നാളെ നമുക്കു വന്നുകൂട. സ്റ്റേറ്റ് ആയതിനാല്‍ ശ്രീലങ്കയെന്ന രാജ്യത്തിനു വന്നു ചേര്‍ന്ന ദുരന്തങ്ങള്‍ ഉണ്ടാവില്ല. പക്ഷെ സംസ്ഥാനം കടക്കെണിയിലായാല്‍ അതിന്റെ പ്രതിഫലനം സമസ്ത മേഖലകളിലും ഉണ്ടാകും. അത് അവിടുത്തെ ജനങ്ങള്‍ക്ക് ദുരിതമായി തീരുകയും ചെയ്യും. ഇക്കാര്യത്തില്‍ സംശയം വേണ്ട.
ബ്രിട്ടീഷ് ഇന്ത്യയിലെ മലബാര്‍ ജില്ലയുടെ കലക്ടറാകിരുന്നു വില്യം ഹെന്‍ട്രി വാലന്റൈന്‍ കനോലി. 1841 മുതല്‍ 1855 വരെ അദ്ദേഹം കോഴിക്കോട് കലക്ടറായിരുന്നു. മലബാറിലെ പുഴകളെ തമ്മില്‍ തോടുകള്‍ വെട്ടി ബന്ധിപ്പിച്ച് ജലഗതാഗത മാര്‍ഗ്ഗം വികസിപ്പിച്ചത് കനോലിയാണ്. എരഞ്ഞിക്കല്‍ മുതല്‍ അങ്ങ് കൊടുങ്ങല്ലൂര്‍ തിരുവഞ്ചിക്കുളം വരെ നീണ്ടു കിടക്കുന്ന കനാല്‍ കേരളത്തിന് സമ്മാനിച്ചത് കനോലി സായിപ്പാണ്. ആ കനാലിനെ നാം അദ്ദേഹത്തിന്റെ പേരിട്ട് വിളിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണം പ്രശംസനീയമാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ മലബാറിനെ ബന്ധിപ്പിച്ചു കൊണ്ടുള്ള കനാല്‍ അങ്ങ് തിരുക്കൊച്ചി അതിര്‍ത്തിവരെ അദ്ദേഹം യാഥാര്‍ത്ഥ്യമാക്കി. എന്നാല്‍ സ്വാതന്ത്ര്യാനന്തരം കനോലിയുടെ കനാലിനെ നാം അത്ര ഗൗനിച്ചില്ല. ചെളിമൂടി ഒഴുക്കു നിലച്ച കനാലിന്റെ പലഭാഗങ്ങളും തമ്മില്‍ ബന്ധമില്ലാതായിരിക്കുന്നു ഇന്ന്. കനോലി കനാലിനെ പുനരുജ്ജീവിപ്പിച്ച് ജല ഗതാഗതവും ചരക്കു നീക്കവും വര്‍ധിപ്പിക്കം. ഒപ്പം ടൂറിസം സാധ്യതകളും ഏറെ. കനാല്‍ ശുദ്ധീകരിക്കപ്പെടുമ്പോള്‍ നീരൊഴുക്ക് പുനഃസ്ഥാപിച്ച് പ്രകൃതിയും സംരക്ഷിക്കപ്പെടും.
കെ. റെയില്‍ വരുമ്പോള്‍ അതിവേഗ റെയില്‍ പാത കടന്നു പോകുന്ന ഇടങ്ങളില്‍ വകസനങ്ങള്‍ മുരടിക്കുകയാണ് ചെയ്യുക. 200 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ചു പോകുന്ന ട്രെയിന്‍, ആ പാത വേലി കെട്ടി സംരക്ഷിക്കേണ്ടി വരും. കിലോമീറ്ററുകള്‍ വിട്ട് അണ്ടര്‍ പാസുകള്‍ നല്‍കാനായേക്കും. ജനങ്ങള്‍ക്ക് ഇടപഴകാനാത്തിടത്ത് വികസനം അന്യമാവുകയാണ് ചെയ്യുക. കെ. റെയിലിനു പകരം നമ്മുടെ ദേശീയ പാതകള്‍ വികസിപ്പിക്കുകയാണ് വേണ്ടത്. അങ്ങിനെയെങ്കില്‍ പാതയുടെ ഇരു ഭാഗങ്ങളും ഇന്നുള്ളതിനേക്കാള്‍ വികസനത്തിലേക്കു കുതിക്കും. കടല്‍ മാര്‍ഗ്ഗം അതിവേഗ ജലവാഹിനികള്‍ കൊണ്ടു വന്നും യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിക്കാം. കാസര്‍കോടു നിന്ന് തിരുവനന്തപുരം വരെ സില്‍വര്‍ ലൈനിലൂടെ ട്രെയില്‍ ഓടിയെത്താന്‍ എടുക്കുന്ന നാലു മണിക്കൂര്‍ കൊണ്ട് ജലമാര്‍ഗ്ഗവും എത്താനാവും. നിരവധി വിദേശ രാഷ്ട്രങ്ങളില്‍ ഇത്തരം സര്‍വ്വീസുകള്‍ ഫലപ്രദമായി നടത്തുന്നുണ്ട്. സര്‍ക്കാര്‍ മുതല്‍മുടക്കില്ലാതെ, കടം വാങ്ങിക്കാതെ സ്വകാര്യ സംരഭകരെ ഈ മേഖലയിലേക്ക് ക്ഷണിച്ച് സര്‍ക്കാര്‍ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും വിജയപൂര്‍വ്വം നടത്താവുന്നതാണ്.
ദീര്‍ഘ വീക്ഷണത്തോടെ വികസനത്തെ കാണുന്നവനാണ് ഞാന്‍. മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രാജ്യം ചിന്തിക്കുന്നതിനു മുമ്പെ മള്‍ട്ടിപ്ലക്‌സ് എന്ന ആശയം കൊണ്ടു വരുകയും കോഴിക്കോട് മാവൂര്‍ റോഡില്‍ കാലിക്കറ്റ് ഗലേറിയ എന്ന പേരില്‍ യാഥാര്‍ഥ്യമാക്കുകയും ചെയ്തിരുന്നു ഞാന്‍. ഇന്ത്യയിലെ ആദ്യത്തെ മള്‍ട്ടിപ്ലക്‌സ് ആയിരുന്നു അത്. ഇന്ന് ആര്‍പിമാള്‍ എന്ന പേരില്‍ കോഴിക്കോട് മാവൂര്‍ റോഡില്‍ തലയുയര്‍ത്തി നില്‍ക്കുന്നു ആ കെട്ടിടം .ഇന്ന് കേരളത്തിലെ ഗ്രാമങ്ങളില്‍ പോലും ഒന്നിലേറെ മള്‍ട്ടിപ്ലക്‌സുകള്‍ വരുന്നു. അതുകൊണ്ട് കെ. റെയില്‍ പോലുള്ള സംരഭങ്ങള്‍ കേരളത്തില്‍ വേണ്ടെന്ന് ഞാന്‍ പറയില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാകുന്ന സമയത്ത് നമുക്ക് തീര്‍ച്ചയായും ഇത്തരം പദ്ധതികളുമായി മുന്നോട്ടു പോകണം. പോയേ മതിയാവൂ.