ശുചിമുറിയെന്ന് കരുതി ട്രെയിനിന്റെ വാതില്‍ തുറന്നു; കോട്ടയത്ത് പത്ത് വയസുകാരന്‍ വീണു മരിച്ചു
കോട്ടയം: ട്രെയിനിലെ ശുചിമുറിയുടെ വാതിലെന്ന് കരുതി പുറത്തേക്കുള്ള വാതില്‍ തുറന്ന പത്ത് വയസുകാരന്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. മലപ്പുറം മമ്പാട് പുള്ളിപ്പാടം സിദ്ദിഖിന്റെ മകന്‍ മുഹമ്മദ് ഇഷനാണ് (10) മരിച്ചത്. കൊച്ചുവേളി - നിലമ്പൂര്‍ റോഡ് രാജ്യറാണി ട്രെയിനില്‍ നിന്നാണ് കുട്ടി വീണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 11.45ഓടെ കോട്ടയം മൂലേടം ഭാഗത്ത് വെച്ചായിരുന്നു അപകടമുണ്ടായത്. ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്ത് നിന്നും കുടുംബം മടങ്ങുകയായിരുന്നു. രാത്രിയില്‍ ശുചിമുറിയില്‍ പോകാന്‍ എണീറ്റ ഇഷന് വാതില്‍ മാറിപ്പോയതാകാം അപകടത്തിപ്പെടാന്‍ കാരണമായതെന്നാണ് കരുതുന്നത്.
കുട്ടി പുറത്തേക്ക് വീണതിന് പിന്നാലെ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി കുട്ടിയെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീഴ്ചയുടെ ആഘാതത്തില്‍ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റുവെന്നാണ് സൂചനകള്‍. ശുചിമുറിയെന്ന് കരുതിയാകാം ഇഷന്‍ ട്രെയിനിന്റെ പുറത്തേക്കുള്ള വാതില്‍ തുറന്നതെന്നാകാം എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ട്രെയില്‍ കോട്ടം റെയില്‍വെ സ്റ്റേഷനില്‍ കുറച്ച് നേരം നിര്‍ത്തിയിടുകയും ചെയ്തിരുന്നു. അപകടവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.