തിരുവനന്തപുരം: വേനല്‍ക്കാലത്ത് വന്യമൃഗങ്ങള്‍ക്ക് കാട്ടില്‍ തന്നെ ഭക്ഷണവും വെള്ളവും ഉറപ്പാക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍. മിഷന്‍ ഫുഡ് ഫോഡര്‍ ആന്‍ഡ് വാട്ടര്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. ഇതിനായി 50 ലക്ഷം രൂപ ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ഫണ്ടായി അനുവദിച്ചു.
വനത്തിനുള്ളിലെ കുളങ്ങളും ചെക്ക് ഡാമുകളും ശുദ്ധീകരിക്കാനും യൂക്കാലി പോലെയുള്ള വൃക്ഷങ്ങള്‍ മുറിച്ചു നീക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ വന്യമൃഗ സംഘര്‍ഷം ഉള്ള മേഖലകളില്‍ പ്രത്യേക യജ്ഞം നടത്തും. ഇതിന്റെ ഒന്നാം ഘട്ടം ഫെബ്രുവരി 10 ന് മുമ്പായി നടപ്പാക്കും. നേരത്തെ ചെയ്തിരുന്ന പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചാണ് ആക്ഷന്‍ പ്ലാന്‍ തുടങ്ങുന്നത്.വയനാട്ടിലെ വനമേഖലയില്‍ ആറ് റേഞ്ചുകളിലായി 63 ഹോട്‌സ്‌പോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ഹോട്ട്‌സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചുള്ള ഡ്രോണ്‍ പരിശോധന ഈ ആഴ്ച മുഴുവന്‍ തുടരും. അടിക്കാടുകള്‍ വെട്ടുന്നത് അടക്കം ജനകീയ പദ്ധതിയായി നടപ്പാക്കും. 80 പേരുടെ സംഘം ഇതിനായി രംഗത്തിറങ്ങും.
പഞ്ചാരക്കൊല്ലിയിലെ കടുവ കേരളത്തിന്റെ ഡാറ്റാ ബേസില്‍ ഉള്ളത് അല്ലെന്നും വനം മന്ത്രി പറഞ്ഞു. കടുവ ഏത് ഡാറ്റാബേസില്‍ നിന്നുള്ളതാണെന്ന് പരിശോധിക്കാന്‍ നടപടി തുടങ്ങിയതായി വനം മന്ത്രി അറിയിച്ചു. വന്യമൃഗ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകവും തമിഴ്‌നാടുമായും ഉടന്‍ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.