കോഴിക്കോട്: നിപ രോഗ ബാധിതരുമായി സമ്പര്‍ക്കമുള്ളവരുടെ പട്ടികയിലെ 49 പേരുടെ പരിശോധനാഫലംകൂടി നെഗറ്റീവായി. അതേസമയം നിപബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. അവസാനരോഗിയുമായി സമ്പര്‍ക്കത്തിലായ ലക്ഷണങ്ങളുള്ള രണ്ട് ആരോഗ്യപ്രവര്‍ത്തകരെ ഐസൊലേഷനിലേക്ക് മാറ്റുകയും ചെയ്തു. നിപരോഗ ബാധിതരായവരുടെ ആരോഗ്യനില തൃപ്തികരമാണ്.
നേരത്തെ നിപയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പഞ്ചായത്തുകളിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. കടകള്‍ രാത്രി 8 വരെയും ബാങ്കുകള്‍ 2 മണി വരെയും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി ഉത്തരവിറക്കി. ആദ്യം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പഞ്ചായത്തുകളിലാണ് ഇളവ് നല്‍കുക. മാസ്‌ക്,സാനിറ്റൈസര്‍ എന്നിവ ഉപയോ?ഗിക്കണം. കൂടാതെ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിനും വിലക്കുണ്ട്. ജില്ല കളക്ടറാണ് ഉത്തരവിറക്കിയത്.
നേരത്തെ പുതുതായി നിപ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകള്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെങ്കിലും സ്ഥിതിഗതികള്‍ നിരന്തരം വീക്ഷിച്ച് പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടി സ്വീകരിക്കണെമന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ സമ്പര്‍ക്ക ദിവസം മുതല്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയേണ്ടതാണെന്നും മന്ത്രി പറഞ്ഞു.