കൂടുതല്‍ ഇളവുകള്‍; കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം, ബാങ്കുകള്‍ എല്ലാ ദിവസവും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. സി കാറ്റഗറിയിലുള്‍പ്പെട്ട കടകള്‍ എട്ട് മണി വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. ഒന്നിടവിട്ട ദിവസങ്ങളില്‍് എല്ലാ കടകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കി. ബാങ്കുകള്‍ എല്ലാ ദിവസവും ഇടപാടുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. എ,ബി,ഡി കാറ്റഗറിയിലെ കടകള്‍ ഏഴ് മണി വരെ പ്രവര്‍ത്തിക്കാനാണ് അനുമതി. ഇതോടെ പ്രത്യേക കാറ്റഗറിയിലെ കടകള്‍ ഏതാനും ചില മണിക്കൂറുകള്‍ മാത്രം തുറക്കാന്‍ അനുമതി നല്‍കിയിരുന്ന മുന്‍ തീരുമാനം താത്കാലികമായി ഇല്ലാതായി. വ്യാപാരികളുടെ പ്രതിഷേധം കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. അതേസമയം ശനിയും ഞായറും നടപ്പിലാക്കിവരുന്ന വാരാന്ത്യ ലോക്ഡൗണ്‍ തുടരും.
അതേസമയം കൊവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന പുതിയ ഇളവുകളില്‍ തൃപ്തരല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ഒരു മണിക്കൂര്‍ സമയം നീട്ടി നല്‍കിയത് കൊണ്ട് മാത്രം പരിഹാരമാകില്ല. മുഴുവന്‍ ദിവസവും കടകള്‍ തുറക്കാന്‍ അനുമതി വേണം. സര്‍ക്കാരിന്റെ നിലപാട് മാറാത്ത അവസ്ഥയില്‍ മറ്റന്നാള്‍ മുതല്‍ പെരുന്നാള്‍ വരെ മുഴുവന്‍ കടകളും തുറക്കാന്‍ തന്നെയാണ് തീരുമാനമെന്നും സംഘടനയുടെ സംസ്ഥാന അധ്യക്ഷന്‍ ടി നസറുദ്ദീന്‍ പ്രതികരിച്ചു.