ലോകത്തിലെ ഏറ്റവും കരുത്തുറ്റ ബ്രാന്‍ഡുകളില്‍ ജിയോയും
ദില്ലി: ന്യൂഡല്‍ഹി ആഗോളതലത്തില്‍ അഞ്ചാമത്തെ ശക്തമായ ബ്രാന്‍ഡായി മാറി റിലയന്‍സ് ജിയോ. ഇന്ത്യന്‍ ടെലികോം വിപണിയിലെ അതികായന്‍ ആപ്പിള്‍, ആമസോണ്‍, ഡിസ്‌നി, ടെന്‍സെന്റ്, അലിബാബ, നൈക്ക് തുടങ്ങിയവയെ തോല്‍പ്പിച്ചാണ് ആഗോളതലത്തില്‍ മുന്നേറിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ബ്രാന്‍ഡ് മൂല്യംനിര്‍ണയിക്കുന്ന കണ്‍സള്‍ട്ടന്‍സിയായ ബ്രാന്‍ഡ് ഫിനാന്‍സ് ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇതു പ്രകാരം ജിയോ ആദ്യമായി ശക്തമായ ബ്രാന്‍ഡ് റാങ്കിങ്ങില്‍ ഇടം നേടിയിരിക്കുകയാണ്. 100 ല്‍ 91.7 ബിഎസ്ഐ സ്‌കോര്‍ ആണ് നേടിയത്. എലൈറ്റ് എഎഎ + റേറ്റിംഗ് ആണ് ചുരുങ്ങിയ കാലം കൊണ്ട് കരസ്ഥമാക്കിയിരിക്കുന്നത്.
ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് സൗജന്യ 4 ജി വാഗ്ദാനം ചെയ്തും താങ്ങാനാവുന്ന വിലയില്‍ ഡാറ്റ ലഭ്യമാക്കിയുമാണ് റിലയന്‍സ് വിപണി കീഴടക്കിയത്. ടെലികോം രംഗത്തെ ജിയോ ഇഫക്റ്റാണ് അടുത്ത കാലത്തെ റിലയന്‍സ് നേട്ടങ്ങള്‍ക്ക് പിന്നില്‍.
ബ്രാന്‍ഡ് മൂല്യത്തിന്റെ കാര്യത്തിലും ടെലികോം മേഖലയില്‍ അതിവേഗം വളരുന്ന ബ്രാന്‍ഡായി ജിയോ മാറി. ടെലികോം വ്യവസായ രംഗത്തെ വളര്‍ച്ചാ മുരടിപ്പുകളെ മറികടന്ന് 50 ശതമാനം വര്‍ധനയോടെ ബ്രാന്‍ഡ് മൂല്യം 480 കോടി യുഎസ് ഡോളറായി.ചൈനീസ് ആപ്ലിക്കേഷന്‍ വി ചാറ്റ്, ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാവ് പോര്‍ഷെ, റഷ്യയുടെ സ്ബെര്‍ബാങ്ക്, കൊക്കകോള എന്നിവയാണ് കമ്പനിയുടെ റാങ്കിംഗ് അനുസരിച്ച് ഇപ്പോള്‍ ഏറ്റവും ശക്തമായ നാല് ആഗോള ബ്രാന്‍ഡുകള്‍.