സ്വര്‍ണ്ണത്തേക്കാള്‍ തിളക്കം കല്‍ക്കരിക്ക്; ഒരു വര്‍ഷത്തിനിടെ 188% വില വര്‍ദ്ധനവ്
കഴിഞ്ഞ വര്‍ഷത്തെ ദീപാവലി മുതല്‍ ഈ ദീപാവലി വരെ കല്‍ക്കരിയില്‍ നിന്ന് ലഭിച്ച വരുമാനത്തേക്കുറിച്ച് പറയുകയാണെങ്കില്‍ കല്‍ക്കരിയാണ് സ്വര്‍ണ്ണത്തേക്കാള്‍ തിളങ്ങിയതെന്ന് പറയാം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കല്‍ക്കരി വില 188 ശതമാനം വര്‍ധിച്ചു.
രാജ്യത്ത് ഓസ്ട്രേലിയന്‍ കല്‍ക്കരി വില കഴിഞ്ഞ 12 മാസത്തിനിടെ 188 ശതമാനം വര്‍ധിച്ചപ്പോള്‍ അസംസ്‌കൃത എണ്ണയുടെ വില ഏകദേശം 95 ശതമാനം വര്‍ധിച്ചു. ലോകം നെറ്റ് സീറോ എമിഷനെക്കുറിച്ചാണ് സംസാരിക്കുന്നത്, അതിനാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ലോകത്ത് കല്‍ക്കരിക്ക് വലിയ ഡിമാന്‍ഡ് ഉണ്ടായിട്ടുണ്ടെന്നറിയുന്നത് രസകരമാണ്.
ഷെയര്‍ മാര്‍ക്കറ്റിനും സ്വര്‍ണ്ണത്തിനും മുകളില്‍ കല്‍ക്കരി
കെയര്‍ റേറ്റിംഗിന്റെ വിശകലനം അനുസരിച്ച്, കൊറോണ പ്രതിസന്ധിക്കിടയിലും കഴിഞ്ഞ ഒരു വര്‍ഷമായി സെന്‍സെക്‌സ് മികച്ച പ്രകടനം കാഴ്ചവച്ചു, ഇതൊക്കെയാണെങ്കിലും, നിക്ഷേപകര്‍ക്ക് ലഭിച്ചത് 38 ശതമാനം വരുമാനം മാത്രമാണ്. മറുവശത്ത്, സ്വര്‍ണ്ണവും വെള്ളിയും യഥാക്രമം 4.7 ശതമാനവും 2.9 ശതമാനവും മാത്രമാണ് ആദായം നല്‍കിയത്.
വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യവും കല്‍ക്കരിയും
ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച്. കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ഇന്ത്യയില്‍ വ്യവസായങ്ങള്‍ തുറന്നതോടെ വൈദ്യുതിയുടെ ആവശ്യം വളരെ പെട്ടന്ന് തന്നെ ഗണ്യമായി വര്‍ദ്ധിച്ചു. ഇതുമൂലം കല്‍ക്കരിയുടെ ആവശ്യകതയും വര്‍ദ്ധിച്ചു. അടുത്തിടെ, രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമാണെന്ന വാര്‍ത്തകള്‍ പോലും വരാന്‍ തുടങ്ങി.
കല്‍ക്കരിയും ക്രൂഡും ഒഴികെയുള്ള ഒരു ചരക്കിനും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇരട്ടി വില വര്‍ധിച്ചിട്ടില്ല. ഇക്കാലയളവില്‍ ചെമ്പിന്റെ വില 45 ശതമാനവും സോയ ഓയിലിന് 27 ശതമാനവും വര്‍ധിച്ചു. എന്നിരുന്നാലും, അടുത്ത 12 മാസത്തിനുള്ളില്‍ കല്‍ക്കരി വില ഈ രീതിയില്‍ വര്‍ധിക്കില്ലെന്നും ഏകദേശം 9.1 ശതമാനം ആദായം മാത്രമേ നല്‍കാന്‍ കഴിയൂ എന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.