വെണ്ണിലാ ചന്ദനക്കിണ്ണം' പാടി സന മൊയ്തൂട്ടി
ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളിലേക്ക് മലയാളിയെ എന്നും നയിക്കുന്ന ഒരു അതിമനോഹര ഗാനമാണ് കമല്‍ സംവിധാനം ചെയ്ത 'അഴകിയ രാവണന്‍' എന്ന ചിത്രത്തിലെ 'വെണ്ണിലാ ചന്ദനക്കിണ്ണം' എന്ന ഗാനം. കൈതപ്രത്തിന്റെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം നല്‍കി ഗാനഗന്ധര്‍വ്വന്‍ ഡോ. കെ. ജെ. യേശുദാസ് പാടിയ പാട്ട് ഇപ്പോഴും സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട ഗാനമാണ്. എത്ര കേട്ടാലും മതിവരാത്ത എക്കാലത്തേയും മികച്ച ഈ മെലഡി ഗാനത്തിന് പുതുമ നിറഞ്ഞ ഒരു കവര്‍സോങ്ങ് ഒരുക്കിയിരിക്കുകയാണ് പുതിയ തലമുറയിലെ ഗായികമാരില്‍ ശ്രദ്ധേയയായ സന മൊയ്തൂട്ടി. ബോളിവുഡ് സിനിമകളില്‍ ഉള്‍പ്പെടെ പാടിയിട്ടുള്ള സന സോഷ്യല്‍ മീഡിയയില്‍ നിരവധി കവര്‍ ഗാനങ്ങള്‍ ഒരുക്കിയാണ് ഏവര്‍ക്കും പ്രിയങ്കരിയായി മാറിയത്. സന ആലപിച്ച ഗാനം സത്യം ഓഡിയോസിന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തിരിക്കുകയാണ്.
സന മൊയ്തൂട്ടി ആലപിച്ച് സത്യം ഓഡിയോസ് റിലീസ് ചെയ്ത കണ്ണാടി കൂടുംകൂട്ടി, കരിമിഴി കുരുവിയെ കണ്ടീല, ചൂളമടിച്ചു കറങ്ങി നടക്കും എന്നീ ഗാനങ്ങളുടെ കവര്‍ യൂട്യൂബില്‍ ഇതിനോടകം ജനശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ളതാണ്. വെണ്ണിലാ ചന്ദനക്കിണം കവര്‍ വേര്‍ഷനും മികച്ച ദൃശ്യാവിഷ്‌ക്കാരവും ശബ്ദമിശ്രണവും സനയുടെ വ്യത്യസ്തമായ ആലാപനവും കൊണ്ട് ഇതിനകം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.