ആര്യന്‍ ഖാന്റേതടക്കം ആറ് കേസുകള്‍ ഇനി അന്വേഷിക്കുക സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം
മുംബൈ: നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ ഇനി അന്വേഷണം നടത്തുക മുതിര്‍ന്ന പൊലീസ് ഓഫീസര്‍ സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം . ഇതുവരെ അന്വേഷണം നടത്തിയിരുന്ന എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയെ നീക്കി. കേസില്‍ നിന്ന് ഒഴിവാക്കാന്‍ എട്ട് കോടി രൂപ ആവശ്യപ്പെട്ടുവെന്ന ആരോപണം നിലനില്‍ക്കെയാണ് സമീര്‍ വാങ്കഡെയെ അന്വേഷണത്തില്‍ നിന്ന് നീക്കിയത്. മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ മരുമകന്‍ ഉള്‍പ്പെട്ട കേസ് അടക്കം സമീര്‍ വാങ്കഡെ അന്വേഷിക്കുന്ന മറ്റ് ആറ് കേസുകളും ഇനി സഞ്ജയ് സിംഗ് ആയിരിക്കും അന്വേഷിക്കുക. ഒഡീഷ കേഡറിലെ 1996 ബാച്ച് ഉദ്യോഗസ്ഥനാണ് സഞ്ജയ് സിംഗ്.
താന്‍ ആവശ്യപ്പെട്ടത് പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കണമെന്നായിരുന്നുവെന്ന്, സമീര്‍ വാങ്കഡെയ്‌ക്കെതിരെ തുടര്‍ച്ചയായി ആരോപണം ഉന്നയിച്ചിരുന്ന എന്‍സിപി നേതാവ് കൂടിയായ നവാബ് മാലിക്ക് ട്വീറ്റ് ചെയ്തു. അതേസയം ഒരു ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥരോ നിലവിലുള്ള സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ടിട്ടില്ലെന്ന് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ എന്‍സിബി വ്യക്തമാക്കിയിരുന്നു. അന്വേഷണത്തില്‍ നിന്ന് മാറ്റിയതിന് പിന്നാലെ തന്നെ എവിടെ നിന്നും പുറത്താക്കിയിട്ടില്ലെന്നാണ് എന്‍ഡിടിവിയോട് സമീര്‍ വാങ്കഡെ പ്രതികരിച്ചത്.
''എന്നെ എവിടെ നിന്നും മാറ്റിയിട്ടില്ല, അന്വേഷണം കേന്ദ്ര ഏജന്‍സിയായ സിബിഐയോ എന്‍ഐഎയോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ ഞാന്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നു'' - വാങ്കഡെ എന്‍ഐഎയോട് പറഞ്ഞു. ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി ആരോപണങ്ങളാണ് സമീര്‍ വാങ്കഡെയ്‌ക്കെതിരെ ഉയര്‍ന്നത്. പ്രധാനമായും നവാബ് മാലിക്കും പ്രഭാകര്‍ സെയിലുമാണ് ആരോപണവുമായി രംഗത്തെത്തിയത്. ആര്യന്‍ ഖാന്‍ കേസില്‍ എന്‍സിബി ഹാജരാക്കിയ സാക്ഷിയായിരുന്നു പ്രഭാകര്‍ സെയില്‍.