ടൗട്ടേക്ക് പിന്നാലെ വീണ്ടുമൊരു ചുഴലിക്കാറ്റ്: കേരളത്തില്‍ മഴ ശക്തമാകും
തിരുവനന്തപുരം: ടൗട്ടേയ്ക്ക് പിന്നാലെ മറ്റൊരു ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം. ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപമെടുക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ കാലാവര്‍ഷത്തിന്റെ വരവും നേരത്തേ ആക്കിയേക്കുമെന്നാണ് മുന്നറിയിപ്പുള്ളത്. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയാല്‍ യാസ് എന്നാകും പേര് നല്‍കുന്നത്. ഇപ്പോഴത്തെ പ്രവചനം അനുസരിച്ച് മേയ് 31ന് കാലവര്‍ഷം കേരളത്തിലെത്തും.
മെയ് 18 മുതല്‍ മെയ് 22 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശ്രിംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.
'ടൗട്ടെ' അതിശക്ത ചുഴലിക്കാറ്റ് സൗരാഷ്ട്രയിലേക്ക് നാശം വിതച്ച് മുന്നോട്ട് പോകുകയാണ്. ഗുജറാത്ത്, ദിയു തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പും റെഡ് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. ഗുജറാത്തിലെ നാശം വിതച്ച പ്രദേശം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കും.ഉന, ദിയു, ജാഫറാബാദ്, മഹുവ തുടങ്ങിയ പ്രദേശങ്ങളില്‍ അദ്ദേഹം ആകാശ നിരീക്ഷണം നടത്തും. അഹമ്മദാബാദില്‍ നടക്കുന്ന അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുക്കും. ഗുജറാത്തില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മരണം 13 ആയി. മഹാരാഷ്ട്രയില്‍ ആറു പേര്‍ മരിച്ചു.