പ്രതിസന്ധികള്‍ മാറിയാല്‍ ഉടന്‍
സംഭരണം പുനസ്ഥാപിക്കും: മില്‍മ
കോഴിക്കോട്: പ്രതിസന്ധികള്‍ മാറുന്ന പക്ഷം മലബാറിലെ ക്ഷീര കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ പാലും സംഭരിക്കാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് ഉണ്ടാകുമെന്ന് മില്‍മ മലബാര്‍ മേഖല യൂണിയന്‍. മലബാര്‍ മേഖലകളിലെ ഡയറികളില്‍ സംഭരിച്ചു വയ്ക്കാവുന്ന പരമാവധി പാല്‍ സംഭരിച്ചു വയ്ക്കുകയും വിപണനം മെച്ചപ്പെടുത്താന്‍ മൂല്യ വര്‍ധിത ഉത്പ്പന്നങ്ങളുടെ നിര്‍മാണം കൂട്ടുകയും, പരാമാവധി പാല്‍ പൊടിയാക്കി സംഭരിക്കുകയും ചെയ്തതാണ്. എന്നിട്ടും സ്ഥിതി നിയന്തണാധീതമായതുകൊണ്ടാണ് സംഭരണത്തില്‍ കുറവു വരുത്തേണ്ടിവന്നത്. ചരുങ്ങിയ ദിവസങ്ങള്‍ക്കകം വിപണനം വര്‍ധിപ്പിച്ചുകൊണ്ടും കൂടുതല്‍ പാല്‍ പൊടിയാക്കി മാറ്റിക്കൊണ്ടും പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് മില്‍മയെന്ന് മാനെജിംഗ് ഡയറക്ടര്‍ പി. മുരളി പറഞ്ഞു. യഥാര്‍ത്ഥത്തില്‍ പാല്‍ സംഭരണം പൂര്‍ണമായും രണ്ടു ദിവസത്തേക്ക് നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമായിരുന്നു. എന്നാല്‍ അത്തരത്തിലുള്ള നിയന്ത്രണം കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കും എന്നതിനാലാണ് ഭാഗികമായ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഈ വര്‍ഷം ആദ്യവാരത്തില്‍ മലബാര്‍മേഖലാ യൂണിയന്റെ പ്രതിദിന പാല്‍സംഭരണം 6.75 ലക്ഷം ലിറ്ററായിരുന്നു. എന്നാല്‍ ഇത് മെയ് പകുതിയോടെ എട്ടു ലക്ഷം ലിറ്ററായി വര്‍ധിച്ചു. ഇതോടെ പ്രതിദിനം മൂന്നു ലക്ഷം ലിറ്റര്‍ പാല്‍ മിച്ചം വരുന്നുണ്ട്. മലബാറിന്റേതിനു സമാനമായ അനുഭവം തന്നെയാണ് എറണാകുളം തിരുവനന്തപുരം യൂണിയനുകളിലും. ഉത്പാദനം വര്‍ധിക്കുകയും വിപണനം കുറയുകയും ചെയ്തു. അതിനാല്‍ മലബാര്‍ യൂണിയനില്‍ നിന്ന് പാല്‍ എടുക്കുന്നത് അവരും നിര്‍ത്തിയിരിക്കയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ മിച്ചം വരുന്ന പാല്‍ തമിഴ്‌നാട്, കര്‍ണാക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ കമ്പനികളില്‍ അയച്ച് പൊടിയാക്കി മാറ്റുകയായിരുന്നു മലബാര്‍ യൂണിയന്‍ ചെയ്തിരുന്നത്.
എന്നാല്‍ ഈ സംസ്ഥാനങ്ങളിലും വലിയ തോതില്‍ പാല്‍ സംഭരണ വര്‍ധനവ് വന്നിരിക്കയാണ്. അതുകൊണ്ട് തദ്ദേശീയമായ പാല്‍ പൊടിയാക്കാന്‍ അവര്‍ മുന്‍ഗണന നല്‍കുന്നു. നമ്മള്‍ കൊണ്ടു പോകുന്ന പാല്‍ പൂര്‍ണായും പൊടിയാക്കുന്നതിന് അവര്‍ സ്വീകരിക്കുന്നില്ല. ഇതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. 500 മുതല്‍ 700 കിലോമീറ്റര്‍ വരെ അകലെയാണ് പാല്‍പ്പൊടി നിര്‍മാണ യൂണിറ്റുകള്‍. ദീര്‍ഘമായ യാത്രയും ടാങ്കറുകളുടെ ദൗര്‍ലഭ്യവും എല്ലാം തടസമാകുന്നുണ്ട്.
പ്രതിസന്ധികളെ തരണം ചെയ്യുന്നതിനായി പാല്‍ വിപണനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് ഒരു പരിധിവരെ ഒഴിവാക്കണമെന്ന് അധികൃതരോടാവശ്യപ്പെട്ടിട്ടുണ്ടെന്നും ഓണ്‍ലൈന്‍ ഡെലിവറി, ഡോര്‍ ഡെലിവറി എന്നിവയ്ക്ക് സ്‌പെഷന്‍ ഇന്‍സെന്റീവ് നല്‍കി വിപണനം മെച്ചപ്പെടുത്താനുള്ള തീവ്ര ശ്രമം തുടരുകയാണെന്നും മില്‍മ എംഡി. പറഞ്ഞു.