കുതിപ്പ് തുടര്‍ന്ന് റിലയന്‍സ്; അറ്റാദായം 13,101 കോടി രൂപ
മുംബൈ: ഡിസംബര്‍ പാദത്തിലെ സാമ്പത്തികഫലം റിലയന്‍സ് പുറത്തുവിട്ടു. ഒക്ടോബര്‍ - ഡിസംബര്‍ കാലയളവില്‍ അറ്റാദായത്തില്‍ 12.6 ശതമാനം വര്‍ധനവാണ് റിലയന്‍സ് കൈവരിച്ചത്. ഡിജിറ്റല്‍ സേവനങ്ങളിലെയും റീടെയില്‍ ബിസിനസുകളിലെയും കുതിപ്പ് മുന്‍നിര്‍ത്തി പോയപാദം 13,101 കോടി രൂപ കമ്പനി അറ്റാദായം കുറിച്ചു. മുന്‍ സാമ്പത്തികവര്‍ഷം ഇതേകാലത്ത് അറ്റാദായം 11,640 കോടി രൂപയായിരുന്നു. സെപ്തംബര്‍ പാദവുമായി (9,567 കോടി രൂപ) താരതമ്യം ചെയ്താല്‍ ഡിസംബര്‍ പാദത്തില്‍ കമ്പനി 37 ശതമാനം നേട്ടം കയ്യടക്കിയിട്ടുണ്ട്. ഇതേസമയം, വിപണി മൂല്യം അടിസ്ഥാനപ്പെടുത്തി രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വരുമാനം കുറിക്കുന്ന കാര്യത്തില്‍ പിന്നില്‍പ്പോയി. 21 ശതമാനം ഇടിവില്‍ 1.2 ലക്ഷം കോടി രൂപയാണ് ഡിസംബര്‍ പാദത്തില്‍ കമ്പനി പ്രവര്‍ത്തനങ്ങളില്‍ നിന്നും വരുമാനം രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷമിത് 1.57 ലക്ഷം കോടി രൂപയായിരുന്നു.
എണ്ണ വ്യാപാരത്തിലെ ഇടിവ് കാരണം കാര്യമായ പ്രവര്‍ത്തനലാഭം കണ്ടെത്താനും റിലയന്‍സിന് സാധിച്ചില്ല. ഒക്ടോബര്‍ - ഡിസംബര്‍ കാലത്ത് 26,094 കോടി രൂപ മാത്രമാണ് കമ്പനി ഈ ഇനത്തില്‍ സമ്പാദിച്ചത്. മൂന്നാം പാദം തൊട്ട് എണ്ണ വ്യാപാരത്തിലെ കണക്കുകള്‍ (ഓയില്‍ ടു കെമിക്കല്‍ ബിസിനസ്) പ്രത്യേകം തരംതിരിച്ച് അവതരിപ്പിക്കുമെന്ന് റിലയന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്. പരമ്പരാഗത സംസ്‌കരണ യൂണിറ്റുകളും പെട്രോകെമിക്കല്‍ യൂണിറ്റുകളും സംയോജിപ്പിക്കാനുള്ള തീരുമാനം മുന്‍നിര്‍ത്തിയാണിത്. കഴിഞ്ഞവര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ റിലയന്‍സിന്റെ ഉപഭോക്തൃ ബിസിനസ് 51 ശതമാനം പ്രവര്‍ത്തനലാഭം നേടിക്കൊടുത്തത് കാണാം. നേരത്തെ ഇത് 37 ശതമാനം മാത്രമായിരുന്നു. ടെലികോം ബിസിനസില്‍ റിലയന്‍സ് ജിയോ 15.5 ശതമാനം വളര്‍ച്ചയാണ് കുറിച്ചത്. ഓരോ പാദം പിന്നിടുമ്പോഴും അറ്റാദായം വര്‍ധിച്ചുവരുന്നു.
ഒക്ടോബര്‍ - ഡിസംബര്‍ കാലത്ത് 3,489 കോടി രൂപയാണ് ജിയോ അറ്റാദായം കണ്ടെത്തിയത്. ടെലികോം സേവനങ്ങളും ഡിജിറ്റല്‍ സേവനങ്ങളും ഉറപ്പുവരുത്തുന്ന ജിയോ പ്ലാറ്റ്ഫോമുകളും മോശമാക്കിയില്ല. ജിയോ പ്ലാറ്റ്ഫോമുകളില്‍ നിന്ന് മാത്രം 3,020 കോടി രൂപ അറ്റാദായം റിലയന്‍സ് കുറിച്ചു. പോയപാദം ജിയോ പ്ലാറ്റ്ഫോമുകളുടെ വരുമാനമാകട്ടെ 22,858 കോടി രൂപയും. ഡിസംബര്‍ 31 വരെയുള്ള കണക്കുപ്രകാരം 41 കോടി ഉപയോക്താക്കള്‍ ജിയോ പ്ലാറ്റ്ഫോമിനുണ്ട്. റിലയന്‍സിന്റെ റീടെയില്‍ വിഭാഗം 18.7 ശതമാനം വരുമാനനഷ്ടത്തോടെയാണ് ഡിസംബര്‍ പിന്നിട്ടത്. കൊവിഡ് ആശങ്ക മുന്‍നിര്‍ത്തി റീടെയില്‍ സ്റ്റോറുകള്‍ മുഴുവന്‍ പൂര്‍ണമായി പ്രവര്‍ത്തിക്കാത്തത് റിലയന്‍സിന് തിരിച്ചടിയായി. രാജ്യത്ത് 12,000 -ത്തില്‍പ്പരം റീടെയില്‍ സ്റ്റോറുകളുണ്ട്. എന്നാല്‍ ഡിസംബര്‍ പാദത്തില്‍ ഇവയില്‍ പകുതി മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളൂ.