ബിജെപിയില്‍ പൊട്ടിത്തെറി സുരേന്ദ്രനെ വിമര്‍ശിച്ച് നസീര്‍ പിന്നാലെ നസീറിന് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: പുന:സംഘടനക്ക് പിന്നാലെ സംസ്ഥാന ബിജെപിയില്‍ പൊട്ടിത്തെറിയും അച്ചടക്കനടപടിയും. കെ. സുരേന്ദ്രന്റെ നേതൃത്വം ഗുണകരമല്ലെന്ന് മുന്‍ സെക്രട്ടറി എ കെ നസീര്‍ പരസ്യവിമര്‍ശനം ഉന്നയിച്ചു. വാര്‍ത്താസമ്മേളനത്തിന് പിന്നാലെ നസീറിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കൂടുതല്‍ പേര്‍ സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതികരിക്കാന്‍ തയ്യാറെടുക്കുകയാണ്.
ബിജെപിയില്‍ കെ.സുരേന്ദ്രന്റെ സമ്പൂര്‍ണ്ണ ആധിപത്യം ഉറപ്പിച്ചതോടെയാണ് വിമര്‍ശകര്‍ അതൃപ്തി തുറന്ന് പറഞ്ഞുതുടങ്ങുന്നത്. തെരഞ്ഞെടുപ്പിലെ വന്‍തോല്‍വിക്ക് പിന്നാലെ നേതൃമാറ്റ ആവശ്യം ഉയര്‍ന്നെങ്കിലും കേന്ദ്രം സുരേന്ദ്രനെ തുണച്ചതും എതിര്‍പ്പ് ഉയര്‍ത്തിയവരെ പുനസംഘടനയില്‍ വെട്ടിമാാറ്റിയതുമാണ് പോര് ശക്തമാക്കിയത്. ദേശീയ നിര്‍വ്വാഹകസമിതിയില്‍ നിന്നും ഒഴിവാക്കിയ ശോഭാസുരേന്ദ്രന്‍ കടുത്ത അതൃപ്തിയിലാണ്. സമിതിയില്‍ വെറും ക്ഷണിതാവാക്കിയതില്‍ കൃഷ്ണദാസിനും ഉണ്ട് പരാതി. പരസ്യപൊട്ടിത്തെറിയുടെ തുടക്കമാണ് എ കെ നസീറിന്റെ വിമര്‍ശനം.