എടിഎം കാര്‍ഡ് കൈക്കലാക്കി പണം തട്ടിയ
സംഭവത്തില്‍ പൊലീസുകാരനെ പിരിച്ചു വിട്ടു
കണ്ണൂര്‍: കണ്ണൂരില്‍ മോഷ്ടാവിന്റെ സഹോദരിയുടെ എടിഎം കാര്‍ഡ് കൈക്കലാക്കി പണം തട്ടിയ പൊലീസുകാരനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു. തളിപ്പറമ്പിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഇ.എന്‍.ശ്രീകാന്തിനെയാണ് സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടത്. കണ്ണൂര്‍ റൂറല്‍ എസ്.പി നവനീത് ശര്‍മയുടേതാണ് ഉത്തരവ്. 2021 ഏപ്രിലിലാണ് തളിപ്പറമ്പ് പൂളപ്പറമ്പ് സ്വദേശി രാജേശ്വരിയുടെ എടിഎം കാര്‍ഡ് കൈക്കലാക്കി പൊലീസ് ഉദ്യോഗസ്ഥന്‍ തട്ടിപ്പ് നടത്തിയത്. അരലക്ഷം രൂപ തട്ടിയെടുത്ത ശ്രീകാന്തിനെ നേരത്തെ അന്വേഷണ വിധേമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ചൊക്ലി സ്വദേശിയുടെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് എഴുപതിനായിരം രൂപ മോഷ്ടിച്ച ഗോകുല്‍ എന്നയാളെ കഴിഞ്ഞ മാര്‍ച്ചില്‍ തളിപ്പറമ്പ് പൊലീസ് പിടികൂടിയിരുന്നു. ഈ കേസ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യാഗസ്ഥനായിരുന്നു ശ്രീകാന്ത് ഈ സമയത്ത് ഇയാള്‍ സഹോദരിയില്‍ നിന്നും എടിഎം കൈക്കലാക്കി. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് സഹോദരിയുടെ മൊബൈല്‍ഫോണില്‍ നിന്ന് പിന്‍നമ്പറും മനസ്സിലാക്കിയെടുത്തു മോഷ്ടാവായ ഗോകുല്‍ തട്ടിയെടുത്ത പണമെല്ലാം സഹോദരിയുടെ എടിഎമ്മിലേക്ക് മാറ്റിയിരുന്നു. മോഷണക്കേസില്‍ ഗോകുല്‍ റിമാന്‍ഡിലായതിന് ശേഷവും എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതായി മെസേജുകള്‍ വന്നതോടെ സഹോദരി തളിപ്പറമ്പ് സിഐക്ക് പരാതി നല്‍കി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ആയ ഇഎന്‍ ശ്രീകാന്താണ് പണം തട്ടിയെടുത്തത് എന്ന് മനസിലായത്. ഇയാള്‍ തളിപ്പറമ്പിലെ പല എടിഎം കൗണ്ടറുകളില്‍ നിന്ന് പണം എടുക്കുന്നതിന്റെയും ഈ കാര്‍ഡ് ഉപയോഗിച്ച് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി. തുടര്‍ന്ന് കണ്ണൂര്‍ റൂറല്‍ എസ്പി നവനീത് ശര്‍മ്മ നേരിട്ട് തളിപ്പറമ്പ് സ്റ്റേഷനിലെത്തി ശ്രീകാന്തിനെ ചോദ്യം ചെയ്തു.
ശ്രീകാന്ത് പണം തട്ടിയെന്ന് പ്രാധമീക അന്വേഷണത്തില്‍ മനസിലായതോടെ സസ്‌പെന്റ് ചെയ്ത് വിശദമായ അന്വേഷണം നടത്താന്‍ തളിപ്പറമ്പ് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. മോഷണത്തിന് സിപിഒ ശ്രീകാന്തിനെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവം പൊലീസ് സേനയ്ക്ക് നാണക്കേട് ആയതോടെ ഡിജിപി നേരിട്ട് എസ്.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും കര്‍ശന നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ശ്രീകാന്തിന്റെ പ്രവൃത്തി പൊതുജനങ്ങള്‍ക്ക് പൊലീസിന് അവമതിപ്പും പൊലീസിന്റെ സല്‍പ്പേരിന് കളങ്കവും സൃഷ്ടിച്ചെന്നും പുറത്താക്കി കൊണ്ടുള്ള ഉത്തരവില്‍ എസ്.പി പറയുന്നു.