മുല്ലപ്പെരിയാറില്‍ കേരളത്തിന് തിരിച്ചടി, ആവശ്യം തള്ളി; രാഷ്ട്രീയ പോരല്ല വേണ്ടതെന്നും കോടതി
ദില്ലി: മുല്ലപ്പെരിയാറില്‍ കേരളത്തിന് തിരിച്ചടി. മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് വെള്ളം തുറന്നുവിടുന്നത് തടയണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഇത്തരം വിഷയങ്ങളില്‍ തീരുമാനം എടുക്കേണ്ടത് മേല്‍നോട്ട സമിതിയാണെന്ന് കോടതി വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളവും തമിഴ്‌നാടും രാഷ്ട്രീയപ്പോര് അവസാനിപ്പിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് അധിക ജലം തമിഴ്‌നാട് തുറന്നുവിടുന്നത് പെരിയാര്‍ തീരത്തെ ജന ജീവിതത്തെ ബാധിക്കുന്നു എന്ന കേരളത്തിന്റെ പരാതിയാണ് സുപ്രീംകോടതി പരിശോധിച്ചത്. വെള്ളം തുറന്നുവിടുന്നതിന് 24 മണിക്കൂര്‍ മുമ്പെങ്കിലും മുന്നറിയിപ്പ് നല്‍കണമെന്നും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് തീരുമാനിക്കാന്‍ ഒരു സമിതി രൂപീകരിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളില്‍ നടപടിയെടുക്കേണ്ട മേല്‍നോട്ട സമിതി ഒന്നും ചെയ്യുന്നില്ലെന്ന ആരോപണവും കേരളം ഉയര്‍ത്തി. എന്നാല്‍ കേരളത്തിന്റെ പരാതിയില്‍ ഇടപെടാനാകില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.
കേരളത്തിന്റെ പരാതി ശരിയായിരിക്കാം, പക്ഷെ, അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച കാര്യങ്ങള്‍ മേല്‍നോട്ട സമിതിയാണ് തീരുമാനിക്കേണ്ടത്. അതിനാല്‍ മേല്‍നോട്ട സമിതിക്ക് മുമ്പില്‍ പരാതി ഉന്നയിച്ച് പരിഹാരം കാണണമെന്ന് ജസ്റ്റിസ് എ എം ഖാന്‍വീല്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് കേരളത്തോട് നിര്‍ദ്ദേശിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനും തമിഴ് നാടിനും രാഷ്ട്രീയ താല്പര്യങ്ങള്‍ ഉണ്ടാകാമെന്ന വിമര്‍ശനവും കോടതി ഉയര്‍ത്തി. അത്തരം രാഷ്ട്രീയ താല്പര്യങ്ങള്‍ കോടതിയിലേക്ക് കൊണ്ടുവരരുത്.
ഈ കേസില്‍ പുതിയ പുതിയ അപേക്ഷകള്‍ വരുന്നത് കോടതിക്ക് അധികഭാരമാണ്. മുല്ലപ്പെരിയാറിനെ ചൊല്ലിയുള്ള രാഷ്ട്രീയ പോര് ഇരു സംസ്ഥാനങ്ങളും അവസാനിപ്പിക്കണമെന്നും സുപ്രീംകോടതി ഉപദേശിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാഭീഷണി സംബന്ധിച്ച കേസില്‍ ജനുവരി 11ന് വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു.