കര്‍ഷകര്‍ക്ക് നേരെ നടന്നത് ആസൂത്രിത ആക്രമണം; എന്തുവന്നാലും ലഖിംപൂരിലേക്ക് പോകുമെന്ന് രാഹുല്‍ ഗാന്ധി
ലഖിംപൂര്‍ ഖേരി ആക്രമണം രാജ്യ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയ പശ്ചാത്തലത്തില്‍ വിഷയം ഏറ്റുപിടിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ലഖിംപൂരും സീതാപൂരും സന്ദര്‍ശിക്കുമെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. വിലക്ക് ലംഘിച്ച് ലഖിംപൂര്‍ ഖേരിയിലെത്തുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. സംഘം ചേരാതെ മൂന്ന് പേര്‍ മാത്രം പോയാല്‍ 144 ന്റെ ലംഘനമാകില്ലെന്നും രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്കെതിരെ നടന്നത് ആസൂത്രിത ആക്രമണമാണെന്നും രാഹുല്‍ പറഞ്ഞു. അധികൃതര്‍ നടപടിയെടുക്കുന്നില്ല. കര്‍ഷകര്‍ക്ക് നേരെയുണ്ടായത് സര്‍ക്കാര്‍ ആക്രമണമാണെന്നും രാജ്യത്ത് നടമാടുന്നത് ഏകാധിപത്യമാണെന്നും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. പ്രധാനമന്ത്രി ലഖ്നൗവില്‍ ഉണ്ടായിട്ടും ലഖിംപൂര്‍ സന്ദശിച്ചില്ല. പ്രതിപക്ഷ നേതാക്കളെ പൊലീസ് തടയുന്നത് കുറ്റവാളികളെ സംരക്ഷിക്കാനാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം, രാഹുല്‍ ഗാന്ധിയെ ലഖ്നൗവില്‍ തടയുമെന്ന് പൊലീസ് കമ്മിഷര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് നേരെ അതിക്രമം നടന്നത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഓടിച്ച കാര്‍ കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. വിഷയത്തില്‍ പ്രതിഷേധിച്ച എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ കരുതല്‍ തടങ്കലില്‍ വച്ചിരിക്കുകയാണ്. കര്‍ഷകര്‍ക്ക് മേല്‍ വാഹനം ഇടിച്ചു കയറ്റുന്ന വിഡിയോ പുറത്തുവിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രിയങ്കാ ഗാന്ധി ഉന്നയിച്ചത്.