ഇന്ന് ലോക ഭക്ഷ്യദിനം
ഇന്ന് ലോക ഭക്ഷ്യദിനം. 1945 ല്‍ രൂപീകൃതമായ ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാര്‍ഷിക സംഘടന ആണ് ഒക്ടോബര്‍ 16 ഭക്ഷ്യ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. 'നമ്മുടെ പ്രവൃത്തികളാണ് നമ്മുടെ ഭാവി. മെച്ചപ്പെട്ട ഉത്പാദനം, മെച്ചപ്പെട്ട പോഷകാഹാരം, മെച്ചപ്പെട്ട പരിസ്ഥിതി, മെച്ചപ്പെട്ട ജീവിതം.' എന്നതാണ് ഈ വര്‍ഷത്തെ വിഷയം.
1979 മുതലാണ് ഈ ദിനാഘോഷം ആരംഭിക്കുന്നത്. ദാരിദ്ര്യത്തിനും വിശപ്പിനും കാരണമായ ഒട്ടേറെ പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കാനും പരിഹാരം കണ്ടെത്താനുമുള്ള ബോധവത്കരണമാണ് ഈ ദിവസം കൊണ്ട് ഉദ്ദേശിക്കുന്നത്. ലോക ജനതയില്‍ ഒരു വിഭാഗം വിശപ്പകറ്റാനുള്ള മാര്‍ഗങ്ങള്‍ തേടുമ്പോള്‍ മറുഭാഗത്ത് പുതിയ ഭക്ഷണരീതികള്‍ സൃഷ്ടിക്കുന്ന രോഗങ്ങള്‍ വര്‍ധിക്കുകയാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ലോകത്തെ 150 രാജ്യങ്ങളില്‍ ഈ ദിനം ആചരിക്കുന്നുണ്ട്.ലോകത്തിലെ വിശക്കുന്ന ആളുകളുടെ 70 ശതമാനവും താമസിക്കുന്നത് ഗ്രാമപ്രദേശത്താണ്. അവിടെ കൃഷിയാണ് വിശപ്പടക്കാനുള്ള മാര്‍ഗ്ഗവും ജീവിക്കാനുള്ള മാര്‍ഗ്ഗവും.
വിശപ്പിന്റെയും പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ദയനീയമുഖം ലോകത്തിനുമുന്നില്‍ കൊണ്ടുവരുക, ഭക്ഷ്യപ്രതിസന്ധിക്കും വിശപ്പിനുമെതിരായ പോരാട്ടത്തില്‍ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക, അന്തര്‍ദേശീയതലത്തില്‍ കാര്‍ഷിക വളര്‍ച്ചയ്ക്ക് പ്രാധാന്യവും പ്രോത്സാഹനവും നല്‍കുക എന്നിവയാണ് ദിനാചരണത്തിന്റെ ലക്ഷ്യങ്ങള്‍.