റീചാര്‍ജ് ചെയ്യാം, ബില്ലടയ്ക്കാം; ഡെബിറ്റ് കാര്‍ഡ്
വേണ്ട, പൈസ പിന്നീട് അടച്ചാല്‍ മതി
ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്ലിക്കേഷനായ ഫ്രീചാര്‍ജ് ഉപഭോക്താക്കള്‍ക്കായി
പേ ലെയ്റ്റര്‍ സൗകര്യം ആരംഭിച്ചു. പര്‍ച്ചേഴ്‌സിന് ശേഷം പണം പിന്നീട് അടയ്ക്കുന്ന സംവിധാനമാണ് പേ ലെയ്റ്റര്‍. ഉപഭോക്താക്കള്‍ക്ക് ഒരുമാസത്തെ തുക മൊത്തമായി മാസവസാനം അടയ്ക്കാനുള്ള സൗകര്യമാണ് കമ്പനി ഇതുവഴി ഒരുക്കിയിരിക്കുന്നത്. പ്രതിമാസം 5000 രൂപവരെയുള്ള ക്രെഡിറ്റ് പരിധിയാണ് പേ ലെയ്റ്ററിലൂടെ ലഭിക്കുക.
പേ ലെയ്റ്റര്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്ലുകള്‍ അടയ്ക്കാനും മൊബൈല്‍ റീചാര്‍ജ് ചെയ്യാനും സാധിക്കും. ഭക്ഷണം, മരുന്നുകള്‍, പലചരക്ക് എന്നിവ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാനുമാകും. ഇതിന് ഡെബിറ്റ് കാര്‍ഡിന്റെയോ ക്രെഡിറ്റ് കാര്‍ഡിന്റെയോ ആവശ്യമില്ല. ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനിലും ഓഫ്ലൈനിലും പണമടയ്ക്കാനാകുമെന്നും ഫ്രീചാര്‍ജ് സിഇഒ സിദ്ധാര്‍ത്ഥ് മേത്ത പറഞ്ഞു. പ്രോസസ്സിംഗ് ഫീസ് ഇല്ലെങ്കിലും ഉപയോഗത്തിന് ചെറിയ ശതമാനം പലിശ ഈടാക്കും.
ഈ പലിശ മാസാവസാനം പേ ലെയ്റ്റര്‍ ബില്ലടയ്ക്കുമ്പോള്‍ ഉപഭോക്താക്കളുടെ ഫ്രീചാര്‍ജ് വാലറ്റിലേക്ക് 'ക്യാഷ്ബാക്ക്' രൂപത്തില്‍ തിരികെ ക്രെഡിറ്റ് ചെയ്യുമെന്നും സിദ്ധാര്‍ത്ഥ് മേത്ത കൂട്ടിച്ചേര്‍ത്തു. ഉപഭോക്താവിന്റെ പ്രൊഫൈലിനെ ആശ്രയിച്ച് ഭാവിയില്‍ ഉപയോഗ പരിധി വര്‍ദ്ധിപ്പിക്കും. മറ്റ് ഡിജിറ്റല്‍ പേയ്മെന്റ് ഓപ്ഷനുകളില്‍ നിന്ന് വ്യത്യസ്തമായി കാര്‍ഡ് നമ്പറുകള്‍ ഓര്‍മ്മിക്കുന്നതിനോ സംരക്ഷിക്കുന്നതിനോ, വാലറ്റ് ലോഡ് ചെയ്യുന്നതിനോ ഒടിപി അംഗീകാരങ്ങളോ ഒന്നുംതന്നെ പേ ലെയ്റ്റര്‍ സംവിധാനത്തിന് ആവശ്യമില്ല. സുരക്ഷിതമായ ഒറ്റ ക്ലിക്കിലൂടെ എല്ലാ പേയ്മെന്റുകളും നടത്താനാകും.