വ്യാപാരി കൂട്ടായ്മയില്‍ മൊഞ്ചണിയാന്‍ കോഴിക്കോട്
കോഴിക്കോട്: കോഴിക്കോട് നഗരത്തെ സുന്ദരിയാക്കാന്‍ വ്യാപാരി കൂട്ടായ്മ. വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിലാണ് കോഴിക്കോടിനെ സുന്ദരിയാക്കുന്നത്. വൃത്തിയും സൗന്ദര്യവുമുള്ള നഗരമാക്കി കോഴിക്കോടിനെ മാറ്റുകയാണ് ലക്ഷ്യം. ആദ്യപടിയായി മാവൂര്‍ റോഡും രാജാജി റോഡും മോടി പിടിപ്പിക്കും. തെരുവുകളിലും കടകള്‍ക്കു മുന്നിലും പൂച്ചെടികള്‍ വച്ചു പിടിപ്പിക്കും. തെരുവുകള്‍ തീര്‍ത്തും മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം. ഇതിനായി വെയ്സ്റ്റ് ബിന്നുകള്‍ സ്ഥാപിക്കുകയും മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യും. പദ്ധതിയുടെ സംഘാടക സമിതി രൂപീകരണം ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ നടന്നു. എ.പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്‍ന്റ് സൂര്യ അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്റ്റര്‍ സാംബശിവറാവു മുഖ്യാതിഥിയായിരുന്നു.
വ്യാപാരി വ്യവസായി സമിതി ഇത്തരമൊരു സംരഭത്തിന് ഇറങ്ങിപ്പുറപ്പെടുന്നത് സ്വാഗതാര്‍ഹമാണെന്ന് പ്രദീപ് കുമാര്‍ എംഎല്‍എ പറഞ്ഞു. ജനകീയ മുന്നേറ്റങ്ങളിലൂടെയുള്ള ഇത്തരം പദ്ധതി തീര്‍ച്ചയായും വിജയം കാണും. പിഡബ്ലുയുഡി, കോര്‍പ്പറേഷന്‍, ജില്ലാ ഭരണകൂടം എന്നിവയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കണം. എംഎല്‍എ എന്ന നിലയ്ക്ക് ഇക്കാര്യത്തില്‍ തന്റെ എല്ലാ സഹകരണവും ഈ പദ്ധതിക്കായി ഉണ്ടാവും. പരസ്യ ബോര്‍ഡുകളാല്‍ കോഴിക്കോടിന്റെ റോഡുകള്‍ വികൃതമാക്കപ്പെട്ടിരിക്കയാണ്. വെയിലും മഴയും കൊള്ളാതെ നില്‍ക്കാന്‍ പറ്റുന്ന ബസ്റ്റോപ്പുകള്‍ നമുക്കില്ല. പരസ്യക്കാരുടെ താത്പര്യങ്ങള്‍ മാത്രമാണ് സംരക്ഷിക്കപ്പെടുന്നത് ഫുട്പാത്തുകളില്‍ കൂടി ഇരുമ്പുകാലുകള്‍ നാട്ടി ബസ്റ്റോപ്പുകളുണ്ടാക്കുന്നു്. അവയെല്ലാം വികൃതമായ രീതിയില്‍ പരസ്യങ്ങള്‍ വച്ചു നിറയ്ക്കുന്നു. പരസ്യങ്ങളും സ്പോണ്‍സര്‍ഷിപ്പുമാവാം, പക്ഷെ പരസ്യങ്ങള്‍ അന്തസായി വയ്ക്കണം. എന്നാല്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടാത്ത വികൃതമാക്കപ്പെട്ട ബസ്റ്റോപ്പുകളാണ് നമുക്കിന്നുള്ളത്. കോഴിക്കോട്ടെ തെരുവുകള്‍ സൗന്ദര്യവത്ക്കരിക്കുന്നതിന്റെ ഭാഗമായി ഇക്കാര്യത്തിലും മാറ്റം വേണമെന്നും പ്രദീപ് കുമാര്‍ പറഞ്ഞു.
ഏറ്റവും സുന്ദരമായ നഗരമാക്കി കോഴിക്കോടിനെ മാറ്റാന്‍ വ്യപാരി വ്യവസായി സമിതി കൊണ്ടുവന്ന ഈ പദ്ധതിക്ക് സാധിക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു പറഞ്ഞു. നഗരത്തിലെ വിദഗ്ധരായ ആര്‍ക്കിടെക്റ്റുകളുടെ സഹായം ഇതിനായി തേടാം. പലതിനും മാതൃകയായ കോഴിക്കോട് സൗന്ദര്യമുള്ള നഗരമെന്ന നിലക്കും നമുക്ക് മാതൃകയാക്കണമെന്നും കലക്ടര്‍ പറഞ്ഞു.
ചടങ്ങില്‍ കോഴിക്കോട് നഗരാസൂത്രണ സ്റ്റാന്റിംഗ്് കമ്മറ്റി ചെയര്‍മാന്‍ കൃഷ്ണകുമാരി, നികുതി വകുപ്പ് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.കെ. നാസര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി. ദിവാകരന്‍, വ്യാപാരി വ്യവസായി സിറ്റി പ്രസിഡന്റ് പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സിറ്റി സെക്രട്ടറി മൊയ്തീന്‍കോയ സ്വാഗതവും ട്രഷറര്‍ കുഞ്ഞുമോന്‍ നന്ദിയും പറഞ്ഞു. സൗന്ദര്യ വത്ക്കരണ പദ്ധതിയുടെ ഭാരവായികളായി സൂര്യ അബ്ദുള്‍ ഗഫൂര്‍ ചെയര്‍മാന്‍, ജീവന്‍ ജനറല്‍ കണ്‍വീനര്‍ എന്നിവരെ തെരഞ്ഞെടുത്തു.