തിരുവനന്തപുരം : വി സി നിര്‍ണ്ണയത്തിന് സ്വന്തം നിലയില്‍ ആറ് സര്‍വ്വകലാശാലകളില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതോടെ ഗവര്‍ണരും സര്‍ക്കാരും തമ്മിലെ പോര് മുറുകുന്നു. സര്‍വ്വകലാശാല പ്രതിനിധികളില്ലാതെയാണ് ഗവര്‍ണര്‍ സെര്‍ച്ച് കമ്മറ്റി രൂപീകരിച്ചത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സര്‍വകലാശാല പ്രതിനിധികളെ നല്‍കിയില്ലെന്നും അതിനാല്‍ മറ്റ് നടപടികളുമായി താന്‍ മുന്നോട്ട് പോകുകയായിരുന്നുവെന്നും ജോലി ചെയ്യുന്നതില്‍ നിന്ന് തടയാനാകില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ആറ് തവണ കേരളാ സര്‍വകലാശാലയോട് പ്രതിനിധികളെ ആവശ്യപ്പെട്ട് കത്ത് അയച്ചിരുന്നു. പ്രതിനിധികളെ നല്‍കരുതെന്നാണ് സര്‍വകലാശാലയ്ക്ക് സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം. മാധ്യമങ്ങള്‍ തന്നെ ഇത് റിപോര്‍ട്ട് ചെയ്തതതുമാണ്. സിന്‍ഡിക്കറ്റുകള്‍ക്ക് കോടതിയില്‍ പോകാനുള്ള അവകാശം ഉണ്ട്. ചാന്‍സിലര്‍ക്ക് സേര്‍ച്ച് കമ്മിറ്റിയുമായി മുന്നോട്ട് പോകാനും അവകാശം ഉണ്ട്. എബിവിപി ആയതിനാല്‍ മാത്രം ചിലരെ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്യുന്നുവെന്ന ഉന്നതവിദ്യാഭാസ മന്ത്രിയുടെ പ്രതികരണത്തോട് ഗവര്‍ണര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. മന്ത്രി തന്നെയാണ് കേരളാ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം അലങ്കോലപ്പെടുത്തിയതെന്ന് ഗവര്‍ണര്‍ ആരോപിച്ചു.
അതേ സമയം, സര്‍വകലാശാലകളില്‍ വിസി നിയമനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് മുന്നോട്ട് പോകുകയാണ്. 6 സര്‍വ്വകലാശാലകളില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള, എം ജി, ഫിഷറീസ്, അഗ്രികള്‍ച്ചര്‍, കെ ടി യു, മലയാളം സര്‍വ്വകലാശാലകളിലേക്കാണ് നിയമന നീക്കം. ഗവര്‍ണര്‍ രൂപീകരിച്ച കമ്മിറ്റികളില്‍ യുജിസികളുടേയും ചാന്‍സ്ലരുടെയും നോമിനികളാണുളളത്. നോമിനികളെ നല്കാത്തതിനാല്‍ സര്‍വ്വകലാശാല പ്രതിനിധികള്‍ ഇല്ല. സ്വന്തം നിലയ്ക്ക് വിസി നിയമനത്തിനാണ് ഗവര്‍ണറുടെ നീക്കം. രാജ്ഭവന്‍ വിഞാപനം ഇറക്കിയതോടെ ഇനി സര്‍ക്കാര്‍ നീക്കമെന്തായിരിക്കുമെന്നാണ് ചര്‍ച്ചയാകുന്നത്.