അവശ്യവസ്തുക്കള്‍ തീരുന്നു; ബ്രിട്ടനെ പ്രതിസന്ധിയിലാക്കി ബ്രക്സിറ്റും കോവിഡും
അവശ്യവസ്തുക്കള്‍ തീരുന്നു; ബ്രിട്ടനെ പ്രതിസന്ധിയിലാക്കി ബ്രക്സിറ്റും കോവിഡും
'കടയില്‍ സാധനങ്ങള്‍ ഇല്ലാതെ എങ്ങനെയാണ് കച്ചവടം നടത്തുക. ഇങ്ങനെ ഒഴിഞ്ഞു കിടക്കുന്ന കട കണ്ടാല്‍ ആരാണ് കയറി വരിക' ബ്രിട്ടനിലെ സത്യന്‍ പട്ടേല്‍ എന്ന വ്യാപാരിയുടെ ചോദ്യമാണ്.
ബ്രക്സിറ്റും കോവിഡും തീര്‍ത്ത പ്രതിസന്ധിയില്‍ വലഞ്ഞിരിക്കുകയാണ് ബ്രിട്ടനിലെ ജനങ്ങള്‍. ബ്രിട്ടനിലെ ഭൂരിഭാഗം സൂപ്പര്‍ മാര്‍ക്കറ്റുകളിലും അവശ്യ സാധനങ്ങളുടെ
സ്റ്റോക്കുകള്‍ തീര്‍ന്നതായാണ് പുറത്തു വരുന്ന വിവരങ്ങള്‍. പല സൂപ്പര്‍ മാര്‍ക്കറ്റുകളിലെ സാധനങ്ങള്‍ അടുക്കിവെക്കുന്ന അലമാരകള്‍ ഒഴിഞ്ഞു കിടക്കുന്നതിന്റെ ദൃശ്യങ്ങളും
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ബ്രെക്സിറ്റും കോവിഡ് പ്രതിസന്ധിയും ബ്രിട്ടനെ വളരെ ഏറെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. വെള്ളവും ശീതള പാനീയങ്ങളുടേയും സ്റ്റോക്കുകള്‍ ഇതിനകം തന്നെ തീര്‍ന്നതായി ലണ്ടനില്‍ സ്റ്റോര്‍ നടത്തുന്ന സത്യന്‍ പട്ടേല്‍ എന്ന വ്യാപാരി പറയുന്നു. കടയില്‍ സാധനങ്ങള്‍ ഇല്ലാതെ എങ്ങനെയാണ് കച്ചവടം നടത്തുക. ഇങ്ങനെ ഒഴിഞ്ഞു കിടക്കുന്ന കട കണ്ടാല്‍ ആരാണ് കയറി വരിക എന്ന് പട്ടേല്‍ ചോദിക്കുന്നു.
കഴിഞ്ഞ കുറച്ചു മാസങ്ങളായിട്ട് ബ്രിട്ടനില്‍ ഇത്തരത്തില്‍ ഭക്ഷ്യ ക്ഷാമം നേരിട്ടു വരികയാണ്. ബ്രക്സിറ്റിന് പിന്നാലെയാണ് അവശ്യ വസ്തുക്കളുടെ ക്ഷാമം രൂക്ഷമാകുന്നത്. പല കടകളിലും അവശ്യ വസ്തുക്കളായി പാല്‍ വെള്ളം തുടങ്ങിയവയുടെ അലമാരകള്‍ ഒഴിഞ്ഞു കിടക്കുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
മക് ഡൊണാള്‍ഡില്‍ മില്‍ക്ക് ഷെയ്കുകള്‍ക്കും പബുകളില്‍ ബിയറുകള്‍ക്കും ഇപ്പോള്‍ ബ്രിട്ടനില്‍ ക്ഷാമം നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇക്യ സ്റ്റോറുകളിലെ കിടക്കകളും ഇത്തരത്തില്‍ ക്ഷാമം നേരിടുന്നുണ്ടെന്നാണ് വിവരം. കൊവിഡ് ആഗോള തലത്തില്‍ തന്നെ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ബ്രിട്ടനെ വെട്ടിലാക്കിയത് കോവിഡ് മാത്രമല്ല
ബ്രക്സിറ്റ് കൂടിയാണ്.
യൂറോപ്യന്‍ യൂണിയന്റെ ബന്ധം വേര്‍പ്പെടുത്തിയ ബ്രിട്ടന്‍
47 വര്‍ഷത്തെ ബന്ധത്തിന് ശേഷമാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധത്തിന് അന്ത്യം കുറിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്തു പോയതോടെ 27 രാജ്യങ്ങളായി യൂറോപ്യന്‍ യൂണിയനില്‍ ചുരുങ്ങിയിരുന്നു.
പലര്‍ക്കും ഇത് വിസ്മയകരമായ നിമിഷമാണ് എന്നായിരുന്നു ബ്രക്സിറ്റ് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞത്. എന്നാല്‍ ഇതിന് പിന്നാലെ യൂറോപ്യന്‍
യൂണിയനുമായുള്ള ബ്രിട്ടന്റെ വ്യാപാര ഉടമ്പടികളാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് പ്രധാന കാരണമായിരിക്കുന്നത്.
സാധനങ്ങളെത്തിക്കാന്‍ ലോറി ഡ്രൈവര്‍മാരില്ല, കടകളില്‍ ജോലിക്കാരില്ല
ബ്രക്സിറ്റിന് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളാണ് ഇപ്പോള്‍ ബ്രിട്ടനിലെ പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം. യൂറോപ്യന്‍ യൂണിയന്‍ നിയന്ത്രണം കര്‍ശനമാക്കിയതോടെ അവശ്യ സാധനങ്ങളുമായെത്തുന്ന ലോറികളുടെ ഡ്രൈവര്‍മാരായി ഇയു പൗരന്മാരെ കിട്ടാതായി. ഇത് പല കടകളിലേക്കും സാധനങ്ങള്‍ എത്തിക്കുന്നത് അനിശ്ചിതത്തിലാക്കി. നിലവിലെ കണക്കനുസരിച്ച്, ബ്രിട്ടനില്‍ ഏകദേശം 1,00,000 ലോറി ഡ്രൈവര്‍മാരുടെ ക്ഷാമം നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കോവിഡ് പ്രതിസന്ധി
മറ്റു രാജ്യങ്ങളിലേത് പോലെത്തന്നെ ബ്രിട്ടനിലെ പല കടകളെയും കോവിഡ് പ്രതിസന്ധി രൂക്ഷമായി നേരിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പല കടകളിലും അവശ്യ സാധനങ്ങളുടെ സ്റ്റോക്കുകള്‍ കുറച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ബ്രക്സിറ്റിന് പിന്നാലെ പല ഉല്‍പ്പന്നങ്ങളും ലഭിക്കാത്ത അവസ്ഥയാണെന്ന് ബ്രിട്ടനിലെ വ്യാപാരി പട്ടേല്‍ പറയുന്നു.
തന്റെ കടയില്‍ ഉണ്ടായിരുന്ന അവശ്യ വസ്തിക്കളായ വെള്ളത്തിന്റെയും പാലിന്റെയും സ്റ്റോക്കുകള്‍ തീര്‍ന്നു. നിലവിലെ സാഹചര്യം വളരെ ഏറെ പ്രതിസന്ധി നിറഞ്ഞതാണ്.
ഗോഡൌണുകളും ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ജനുവരി ഒന്നു മുതല്‍, ബ്രക്സിറ്റ് നടപ്പിലായതോടെയാണ് ബ്രിട്ടനില്‍ ക്ഷാമം രൂക്ഷമായതെന്ന് ബ്രിട്ടനിലെ കടയില്‍
വില്‍പ്പനക്കാരിയായ ടോമ പറയുന്നു.
പ്രതിസന്ധി മുന്നറിയിപ്പ്
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകുന്നതോടെ വലിയ തോതില്‍ പ്രതിസന്ധി നേരിടേണ്ടി വരും എന്ന് വിദഗ്ദര്‍ ചുണ്ടിക്കാട്ടിയിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനുകളില്‍ നിന്ന് പല ഭക്ഷ്യ ഉല്‍പ്പന്നങ്ങളും അപ്രത്യക്ഷമാകും എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മരുന്നുകളുടെ വിതരണം പ്രതിസന്ധിയിലാകുമെന്നും വിവരങ്ങളുണ്ടായിരുന്നു. ഇത് ശരിവെക്കും വിധമാണ് ഇപ്പോഴത്തെ ബ്രിട്ടനിലെ അവസ്ഥ