ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ 2800 കോടി; 20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ്
തിരുവനന്തപുരം: കൊവിഡ് 19 രണ്ടാം തംരംഗത്തിന്റെ സാഹചര്യത്തില്‍ 20,000 കോടി രൂപയുടെ രണ്ടാം കൊവിഡ് പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ആരോഗ്യ അടിയന്തരവാസ്ഥ നേരിടാന്‍ 2800 കോടി രൂപ മാറ്റി വെക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.വിവിധ ലോണുകളുടെ പലിശ സബ്‌സിഡിയ്ക്കായി 8300 കോടിയോളം നീക്കി വെക്കും. ആളുകളിലേയ്ക്ക് നേരിട്ട് പണമെത്തിക്കുന്നതിനായി 8900 കോടി രൂപയോളം മാറ്റി വെക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മൂന്നാം തരംഗം കുട്ടികള കൂടുതലായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പീഡിയാട്രിക് ഐസിയു വാര്‍ഡുകള്‍ നിര്‍മിക്കാന്‍ പ്രാരംഭഘട്ടമായി 25 കോടി രൂപ വകയിരുത്തും.
നേരത്തെ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ കൊവിഡ് നിയന്ത്രണവിധേയമായെന്ന പ്രതീതി ഉണ്ടായിരുന്നു. ചെലവ് കുറയുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ രണ്ടാം തരംഗം ഉണ്ടായെന്നും ആരോഗ്യരംഗത്തിന് കടുതല്‍ പരിഗണന നല്‍കേണ്ട സാഹചര്യമാണെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ താലൂക്ക് ആശുപത്രികളിലും ഐസിയു സൗകര്യങ്ങളോടെ ഐസിയു വാര്‍ഡുകള്‍ തയ്യാറാക്കുമെന്നും ഇതിനായി എംഎല്‍എ ഫണ്ടില്‍ നിന്ന് പണം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 18 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്നും ഇതിനായി 1000 കോടി രൂപ മാറ്റി വെക്കുമെന്നും അനുബന്ധ ഉപകരണങ്ങള്‍ വാങ്ങാന്‍ 500 കോടി രൂപ മാറ്റി വെക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.