കുവൈത്തില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു
കുവൈത്ത് സിറ്റി: കുവൈത്തിന്റെ സാമ്പത്തിക ഭദ്രത ആശങ്കയിലാണെന്ന് സൂചിപ്പിച്ച് റേറ്റിങ് ഏജന്‍സികള്‍. കുവൈത്തിന്റെ ഹൃസ്വകാല റേറ്റിങ് നെഗറ്റീവിലേക്ക് താഴ്ത്തി ഫിറ്റ്ച്ച് റിപ്പോര്‍ട്ട്. നേരത്തെ സ്റ്റേബിള്‍ എന്ന റേറ്റ് ആയിരുന്നു കുവൈത്തിന് നല്‍കിയിരുന്നത്. പണ ദ്രവ്യത ലഭ്യമാകില്ല എന്ന ആശങ്കയാണ് റേറ്റിങ് കുറയാന്‍ ഇടയാക്കിയത്. കുവൈത്തില്‍ പ്രതിസന്ധി പരിഹരിക്കാന്‍ കടമെടുക്കല്‍ പരിധി ഉയര്‍ത്തേണ്ടതുണ്ട്. ഇതിന് പാര്‍ലമെന്റ് അനുമതി ആവശ്യമാണ്. എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ ബന്ധപ്പെട്ട ബില്ല് പാസാക്കാന്‍ ഭരണകൂടത്തെ അനുവദിക്കുന്നില്ല. ഇതാണ് കുവൈത്തില്‍ സാമ്പത്തിക ഭദ്രത ആശങ്കയിലാകാന്‍ കാരണം.
ഒപെക് അംഗരാജ്യമായ കുവൈത്തിന് എണ്ണവിലയില്‍ ഇടിവ് വന്നതോടെയാണ് തിരിച്ചടി തുടങ്ങിയത്. കൊറോണ കാരണം ലോകരാജ്യങ്ങള്‍ സ്തംഭിക്കുക കൂടി ചെയ്തതോടെ എണ്ണ ഉപയോഗം കുറയുകയും വില വീണ്ടും ഇടിയുകയും ചെയ്തു. കടുത്ത സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയാല്‍ മാത്രമേ കുവൈത്തിന്റെ ആശങ്ക പരിഹരിക്കാന്‍ സാധിക്കൂ എന്ന് അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. കടമെടുക്കല്‍ പരിധി ഉയര്‍ത്തിയില്ലെങ്കില്‍ കുവൈത്തിന്റെ ജനറല്‍ റിസര്‍വ് ഫണ്ടിന്റെ ദ്രവ്യത ഇല്ലാതാകും. ആവശ്യത്തിന് ഉപയോഗിക്കാന്‍ പണം ലഭ്യമല്ലാത്ത സാഹചര്യം വരും. ഈ പ്രതിസന്ധിയാണ് ഫിറ്റ്ച്ച് ചൂണ്ടിക്കാട്ടുന്നത്. രാഷ്ട്രീയ നേതാക്കള്‍ക്കിടയിലെ ഭിന്നത പരിഹരിച്ച് രാജ്യം നേരിടുന്ന പ്രതിസന്ധി മറികടക്കേണ്ടതുണ്ട് എന്നാണ് ധനകാര്യ സ്ഥാപനങ്ങളുടെ നിര്‍ദേശം.