ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റത്തോടെ തുടക്കം
കഴിഞ്ഞയാഴ്ചത്തെ ഇടിവിന് ശേഷം എസ് ആന്റ് പി ബിഎസ്ഇ സെൻസെക്സ് ഓപ്പണിംഗ് ബെല്ലിൽ 49,000ൽ എത്തിയപ്പോൾ നിഫ്റ്റി 50 14,500ന് താഴെയായിരുന്നു. അൾട്രാടെക് സിമൻറ്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ. സ്മോൾ, മിഡ്‌ക്യാപ് സൂചികകളും തിങ്കളാഴ്ച രാവിലെ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഏകദേശം 1088 ഓഹരികൾ മുന്നേറി, 260 ഓഹരികൾ ഇടിഞ്ഞു, 61 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ ഇന്ന് 2 ശതമാനത്തിലധികം ഇടിഞ്ഞു. പ്രധാന ഏഷ്യൻ വിപണികളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. കോസ്പി, കോസ്ഡാക്, ഹാംഗ് സെങ്, ടോപ്പിക്സ്, നിക്കി 225 എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഷാങ്ഹായ് കോമ്പോസിറ്റ് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) ഓഹരികൾ 5 ശതമാനം ഇടിഞ്ഞു. എന്നാൽ അതേ സമയം നിഫ്റ്റി 50 സൂചിക 30 ശതമാനം നേട്ടം കൈവരിച്ചു. അതിനു മുമ്പുള്ള ആറ് മാസങ്ങളിൽ ആർഐഎൽ ഓഹരികൾ 40 ശതമാനത്തിലധികം ഉയർന്നപ്പോൾ നിഫ്റ്റി 5 ശതമാനം ഇടിഞ്ഞിരുന്നു.