തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ സ്വപ്ന സുരേഷും പി സി ജോര്‍ജും ശ്രമിച്ചുവെന്ന കേസിലെ സരിത നല്‍കിയ രഹസ്യമൊഴി അന്വേഷണ സംഘത്തിന് ലഭിച്ചു. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ മൊഴിയാണ് പ്രത്യേക സംഘം എസ്പി മധുസൂദനന് കോടതി നല്‍കിയത്.
സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്താല്‍ നടത്താന്‍ പി സി ജോര്‍ജ് സമീപിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് സരിതയെ കൊണ്ട് അന്വേഷണ സംഘം രഹസ്യമൊഴി രേഖപ്പെടുത്തിയത്. ഈ മൊഴിയില്‍ പറയുന്ന മറ്റ് ചില കാര്യങ്ങള്‍കൂടി പരിശോധിക്കേണ്ടതുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. നിലവിലെ കേസുമായി ബന്ധമില്ലാത്ത പുതിയ വെളിപ്പെടുത്തലുകള്‍ മൊഴിയിലുണ്ടെങ്കില്‍ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്യും.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് പറയണമെന്നാവശ്യപ്പെട്ട് പി സി ജോര്‍ജ് തന്നെ സമീപിച്ചതായി സരിത നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. പി സി ജോര്‍ജിനൊപ്പം സ്വപ്നക്കും ക്രൈം നന്ദകുമാറിനും ഗൂഡാലോചനയില്‍ പങ്കുണ്ടെന്നായിരുന്നു സരിതയുടെ മൊഴി. സരിതയുടെ രഹസ്യമൊഴി അനുസരിച്ച് ഗൂഢാലോചന കേസില്‍ തുടരന്വേഷണം നടത്താനാണ് പ്രത്യേക സംംഘത്തിന്റെ തീരുമാനം.