കോഴിക്കോട്: പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കാണിച്ചാല്‍ പാരിതോഷികം നല്‍കും. തദ്ദേശ വകുപ്പ് അഡിഷണല്‍ സെക്രട്ടറി ഉത്തരവിറക്കി. വലിച്ചെറിയുന്നവരെക്കുറിച്ച് വിവരം നല്‍കിയാല്‍ 2500 രൂപ പാരിതോഷികം നല്‍കും. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് വിവരം നല്‍കേണ്ടത്.മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്ന് ഈടാക്കുന്ന പിഴത്തുകയുടെ 25ശതമാനമോ പരമാവധി 2500 രൂപയോ ആണ് നല്‍കുക.തദ്ദേശവകുപ്പ് അഡി. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഉത്തരവിറക്കി.
മാലിന്യം വലിച്ചെറിയുക, ദ്രവമാലിന്യം ഒഴുക്കുക തുടങ്ങിയവയുടെ ചിത്രമോ വീഡിയോയോ സഹിതം തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് വിവരം നല്‍കേണ്ടത്. ഇതിനുള്ള പ്രത്യേക വാട്സ് ആപ്പ് നമ്പര്‍, ഇ മെയില്‍ എന്നിവ അതത് തദ്ദേശ സ്ഥാപനങ്ങള്‍ ഉടന്‍ പരസ്യപ്പെടുത്തും. വിവരം നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കും.
വിവരം കൈമാറിയാല്‍ ഏഴ് ദിവസത്തിനകം തീര്‍പ്പുണ്ടാക്കണം. മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്ന് പിഴ ഈടാക്കിയാല്‍ 30 ദിവസത്തിനകം വിവരം നല്‍കിയ ആളുടെ അക്കൗണ്ടിലേക്ക് ഓണ്‍ലൈനായി പാരിതോഷികം ട്രാന്‍സ്ഫര്‍ ചെയ്യണം. ഇതുസംബന്ധിച്ച രജിസ്റ്റര്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേകം സൂക്ഷിക്കണം. മൂന്ന് മാസത്തിലൊരിക്കല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ രജിസ്റ്റര്‍ പരിശോധിച്ച് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം.കൊച്ചി ബ്രഹ്മപുരം മാലിന്യ പ്‌ളാന്റ് വളപ്പിലെ തീപിടിത്തത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നടത്തുന്ന'മാലിന്യമുക്ത നവകേരളം' പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്.