ബിഗ്ബാസ്‌കറ്റ് ടാറ്റ ഗ്രൂപ്പുമായി ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്.
ഏറ്റവും വലിയ ഓണ്‍ലൈന്‍ പലചരക്ക് കമ്പനിയായ ബിഗ്ബാസ്‌കറ്റ് ടാറ്റ ഗ്രൂപ്പുമായി ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. ബിഗ്ബാസ്‌കറ്റില്‍ ടാറ്റ 1.2 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും. ബിഗ്ബാസ്‌കറ്റില്‍ 60 മുതല്‍ 63 ശതമാനം വരെ ഓഹരി പങ്കാളിത്തം ടാറ്റയ്ക്ക് ലഭിക്കുമെന്നാണ് വിവരം. ബിഗ്ബാസ്‌കറ്റിന്റെ പ്രാഥമിക ഓഹരികളും രണ്ടാംഘട്ട ഓഹരികളും ഇടപാടിലുണ്ട്.
ആദ്യ ഘട്ടത്തില്‍ 200 മുതല്‍ 250 മില്യണ്‍ ഡോളര്‍ വരെ ബിഗ്ബാസ്‌കറ്റില്‍ നിക്ഷേപിക്കാനാണ് ടാറ്റ ഒരുങ്ങുന്നത്. ഘട്ടം ഘട്ടമായി കമ്പനിയുടെ ഭൂരിപക്ഷം ഓഹരികളും ടാറ്റ സ്വന്തമാക്കും. നിലവില്‍ റെഗുലേറ്ററി ക്ലിയറന്‍സുകള്‍ക്കായി കാത്തു നില്‍ക്കുകയാണ് ഇരു കമ്പനികളും. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ അനുമതിയാണ് ഇതില്‍ പ്രധാനം. ഈ ധാരണയെപ്പറ്റി ടാറ്റയോ ബിഗ്ബാസ്‌കറ്റോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ടാറ്റയുമായുള്ള ബിഗ്ബാസ്‌കറ്റിന്റെ ഇടപാട് പൂര്‍ത്തിയായാല്‍ ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ കാണുന്ന ഏറ്റവും വലിയ ഏറ്റെടുക്കലാകുമിത്. മൂല്യനിര്‍ണയത്തില്‍ ബിഗ്ബാസ്‌കറ്റിന്റെ മൊത്തം ആസ്തി 1.2 ബില്യണ്‍ ഡോളറിലാണ് എത്തിനില്‍ക്കുന്നത്. നിലവില്‍ ബിഗ്ബാസ്‌കറ്റില്‍ അലിബാബ ഗ്രൂപ്പിന് 27.58 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. അബ്രാജ് ഗ്രൂപ്പിന് 18.05 ശതമാനവും. ഈ രണ്ടു കമ്പനികളുടെയും പങ്കാളിത്തം സ്വന്തമാക്കുന്നതോടെ ബിഗ്ബാസ്‌കറ്റിലെ ഭൂരിപക്ഷം ഓഹരികളും ടാറ്റയുടെ വരുതിയിലാവും. ടാറ്റ കടന്നുവരുന്നതോടെ ബിഗ്ബാസ്‌കറ്റിലെ ചെറുകിട നിക്ഷേപകരും പുറത്തുകടക്കും. നേരത്തെ, പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ നിക്ഷേപകര്‍ക്ക് പുറത്തുകടക്കാന്‍ കമ്പനി അവസരമൊരുക്കുമെന്ന് ബിഗ്ബാസ്‌കറ്റ് സിഇഓ ഹരി മേനോന്‍ പറഞ്ഞിരുന്നു . പ്രതിമാസം 20 മില്യണില്‍പ്പരം ഓര്‍ഡറുകളാണ് ബിഗ്ബാസ്‌കറ്റ് കൈകാര്യം ചെയ്യുന്നത്. കമ്പനിയുടെ വാര്‍ഷിക വരുമാനം തുടര്‍ച്ചയായി 1 ബില്യണ്‍ ഡോള്‍ തൊടുന്നുമുണ്ട്. ബിഗ്ബാസ്‌കറ്റിന് പുറമെ വണ്‍ എംജി എന്ന ഓണ്‍ലൈന്‍ ഫാര്‍മസി കമ്പനിയിലും 200 മുതല്‍ 250 മില്യണ്‍ ഡോളര്‍ വരെ നിക്ഷേപിക്കാന്‍ ടാറ്റ ഗ്രൂപ്പ് ആലോചിക്കുന്നുണ്ട്.