നെടുമുടി വേണു ഇനി ഓര്‍മ്മ; ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി കേരളം
തിരുവനന്തപുരം: അന്തരിച്ച കലാകാരന്‍ നെടുമുടി വേണുവിന്റെ സംസ്‌കാരം തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ നടന്നു. രാവിലെ അയ്യങ്കാളി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എംബി രാജേഷ് അടൂര്‍ ഗോപാലകൃഷ്ണണ്‍ തുടങ്ങി കലാ- സാസ്‌കാരിക - രാഷ്ട്രീയ മേഖലയിലെ നിരവധി പേര്‍ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.
സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന് ഗാനാഞ്ജലി ഒരുക്കി. ഇന്നലെ രാത്രി വൈകി നെടുമുടി വേണുവിന്റെ വട്ടിയൂര്‍ക്കാവിലെ വീട്ടിലെത്തി മമ്മൂട്ടിയും മോഹന്‍ലാലും ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. കലാഭവന്‍ തിയറ്ററില്‍ ഇന്ന് അനുസ്മരണ സമ്മളനം നടക്കും.
തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വച്ചായിരുന്നു ഇന്നലെ അദ്ദേഹത്തിന്റെ അന്ത്യം. ഉദരസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. ഒരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങള്‍ക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളെയാണ് നെടുമുടി വേണുവിന്റെ വിയോഗത്തോടെ ചലച്ചിത്ര ലോകത്തിന് നഷ്ടമായത്.