ദില്ലി: ആയുധവ്യാപാരി സഞ്ജയ് ഭണ്ഡാരിയുടെ പണം പ്രിയങ്ക ഗാന്ധിക്കും കിട്ടിയെന്ന് ഇഡി. ഹരിയാനയില്‍ പ്രിയങ്കയും റോബര്‍ട്ട് വദ്രയും ചേര്‍ന്ന് വാങ്ങിയ ഭൂമി പ്രവാസി വ്യവസായി സി.സി തമ്പിക്ക് മറിച്ചു വിറ്റതായും ഇഡി കോടതിയില്‍ നല്കിയ കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. പ്രിയങ്ക ഗാന്ധിയെ ഇഡി ചോദ്യംചെയ്‌തേക്കും.
റോബര്‍ട്ട് വദ്രയ്ക്കു പിന്നാലെ പ്രിയങ്ക ഗാന്ധിയെ കൂടി കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ പരിധിയിലേക്ക് കൊണ്ടുവരികയാണ് ഇഡി. വദ്രയുമായി ബന്ധമുള്ള ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരി ഇന്ത്യയിലും വിദേശത്തും കോടികളുടെ സ്വത്തുണ്ടാക്കിയ കേസില്‍ അനുബന്ധ കുറ്റപത്രമാണ് ഇഡി കഴിഞ്ഞ ദിവസം കോടതിയില്‍ നല്കിയത്. മലയാളിയായ പ്രവാസി വ്യവസായി സി.സി തമ്പി, സുനില്‍ ഛദ്ദ എന്നീ പ്രതികള്‍ക്കെതിരെയായിരുന്നു കുറ്റപത്രം.
ഭണ്ഡാരിയുടെ പണം റോബര്‍ട്ട് വദ്രയും പ്രിയങ്കയും ഉപയോഗിച്ചു എന്ന് കുറ്റപത്രം പറയുന്നു. ലണ്ടനില്‍ ഭണ്ഡാരി വാങ്ങിയ ഫ്‌ളാറ്റ് നവീകരിച്ച് ഉപയോഗിക്കുന്നത് വദ്രയാണ്. ഭണ്ഡാരി ആയുധ ഇടപാട് വഴി നേടിയ കമ്മീഷന്‍ സി.സി തമ്പി വഴി വദ്രയ്ക്കും പ്രിയങ്കയ്ക്കും കിട്ടിയെന്നാണ് ഇഡിയുടെ ആരോപണം. ഹരിയാനയില്‍ കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങിയ ശേഷം ഇത് വന്‍ തുകയ്ക്ക് തമ്പിക്ക് മറിച്ചു വിറ്റു. റോബര്‍ട്ട് വദ്രയും പ്രിയങ്കയും ഭൂമി ഇടപാടിലൂടെ പണം കൈപ്പറ്റിയെന്നും ഇഡി പറയുന്നു.
പ്രിയങ്ക പ്രതിയല്ലെന്നും അന്വേഷണത്തില്‍ ഇതുവരെ കണ്ടെത്തിയ വിവരങ്ങള്‍ കോടതിയെ അറിയിച്ചതാണെന്നും ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കി. കേസില്‍ റോബര്‍ട്ട് വദ്രയെ നേരത്തെ ചോദ്യം ചെയ്തിരുന്നു. പ്രിയങ്കയെയും ചോദ്യംചെയ്യാനാണ് സാധ്യത. ഇതെല്ലാം തെരഞ്ഞെടുപ്പിന് മുമ്പുള്ള നീക്കങ്ങളെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പ്രതി ചേര്‍ത്തിരുന്നു. പ്രിയങ്കയെ കള്ളപ്പണം വെളുപ്പിക്കലില്‍ പ്രതിയാക്കാനാണ് നിലവില്‍ ഈ കേസ് ഇഡി സജീവമാക്കുന്നതെന്ന് കോണ്‍ഗ്രസ് സംശയിക്കുന്നു.