തിരുവനന്തപുരം:ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഡിജിപിക്ക് പരാതി നല്‍കി പൊതുവിദ്യാഭ്യാസവകുപ്പ്. സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ ക്ലാസെടുക്കുന്ന അധ്യാപകര്‍ക്ക് ചോര്‍ച്ചയില്‍ പങ്കുണ്ടാകാമെന്നും കര്‍ശന നടപടി എടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. പരാതികള്‍ നേരത്തെ ഉയര്‍ന്നിട്ടും വിദ്യാഭ്യാസവകുപ്പ് അനങ്ങാതിരുന്നതാണ് ചോര്‍ച്ചക്കുള്ള കാരണം
പരീക്ഷാ തലേന്ന് തന്നെ ചോദ്യം ചോര്‍ത്തിയെന്ന് അവകാശപ്പെട്ടാണ് യൂ ട്യൂബ് ചാനലുകള്‍ പ്രഡിക്ഷന്‍ എന്ന നിലക്ക് ചോദ്യങ്ങള്‍ പുറത്തുവിട്ടത്. ക്രിസ്മസ് പരീക്ഷ ചോദ്യങ്ങളുമായി 90 ശതമാനത്തിലേറെ സാമ്യം എംഎസ് സൊല്യൂഷന്‍, എഡ്യുപോര്‍ട്ട് അടക്കമുള്ള യൂ ട്യൂബ് ചാനലുകളിലെ ചോദ്യങ്ങള്‍ക്ക് വന്നതോടെയാണ് ചോര്‍ച്ചയെന്ന പരാതി മുറുകിയത്. ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന അധ്യാപകരിലേക്കും ട്യൂഷന്‍ സെന്ററുകളില്‍ ഇപ്പോഴും ക്ലാസെടുക്കുന്ന അധ്യാപകരിലേക്കുമാണ് സംശയം നീളുന്നത്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് പൊതുവിദ്യാഭ്യാസഡയറക്ടര്‍ ഡിജിപിക്ക് പരാതി നല്‍കിയത്
സ്വകാര്യ ട്യൂഷന്‍ പരിശീലനകേന്ദ്രങ്ങളില്‍ വന്‍തുകക്ക് ക്ലാസെടുക്കുന്ന സര്‍ക്കാര്‍ അധ്യാപകരെ നേരത്തെയും വിദ്യാഭ്യാസവകുപ്പ് സ്‌ക്വാഡിന്റെയും വിജിലന്‍സിന്റെയും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പക്ഷെ ആറുമാസത്തെ സസ്‌പെന്‍ഷന്‍് ശേഷം അതിവേഗം എല്ലാവരെയും തിരിച്ചടുക്കുന്നതാണ് രീതി. ഓണപ്പരീക്ഷ ചോദ്യപേപ്പറുകളും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ ചോര്‍ത്തിയെന്ന പരാതി ഉയര്‍ന്നെങ്കിലും കാര്യമായ നടപടിയൊന്നും ഉണ്ടായിരുന്നില്ല. ചോര്‍ച്ചയെ കുറിച്ച് എംഎസ് സൊല്യൂഷന്‍സ് അടക്കമുള്ള സ്ഥാപനങ്ങളോട് ചോദിച്ചെങ്കിലും പ്രതികരണത്തിന് തയ്യാറായില്ല. സ്ഥാപനത്തിന്റെ കീഴിലെ അധ്യാപകര്‍ തയ്യാറാക്കുന്ന ചോദ്യങ്ങള്‍ക്ക് സ്വാഭാവികമായുണ്ടാകുന്ന സാമ്യം മാത്രമാണെന്ന് വീഡിയോയില്‍ വിശദീകരണം നല്‍കുന്നുണ്ട്