എറണാകുളം: ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. പട്ടിക ജാതി സംവരണത്തിന് സിപിഎം എംഎല്‍എ എ.രാജയ്ക്ക് അര്‍ഹതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്രിസ്തീയ വിശ്വാസിയായ രാജ തെറ്റായ രേഖകള്‍ കാണിച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ദേവികുളത്തെ സിപിഎം എംഎല്‍എ എ.രാജയുടെ തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്, യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ട ഡി.കുമാറാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
എ.രാജ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പട്ടികജാതി സംവരണമണ്ഡലമായ ദേവികുളത്തു നിന്നു തെരഞ്ഞെടുക്കപ്പെടാന്‍ പട്ടികജാതിക്കാരന്‍ അല്ലാത്ത എ.രാജയ്ക്ക് അവകാശമില്ലെന്ന് ആരോപിച്ചാണു ഡി.കുമാര്‍ ഹര്‍ജി നല്‍കിയത്.
കോടതി ഉത്തരവ് ഇങ്ങനെ:
രാജ ഹിന്ദു മതവിഭാഗത്തില്‍പ്പെട്ടയാളെന്ന് പറയാനാകില്ല. രാജയുടെ നാമനിര്‍ദേശം തന്നെ റിട്ടേണിങ് ഓഫീസര്‍ തള്ളേണ്ടതായിരുന്നു. ഹിന്ദു പറയ സമുദായത്തില്‍പ്പെട്ടയാളല്ല രാജയെന്ന് വ്യക്തമാകുന്നു. അതുകൊണ്ടുതന്നെ പട്ടികജാതി സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യതയില്ല. ദേവികുളത്തെ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കുകയാണ്. ഉത്തരവിന്റെ പകര്‍പ്പ് തെരഞ്ഞെടുപ്പ് കമ്മീഷനും, നിയമസഭാ സ്പീക്കര്‍ക്കും, സംസ്ഥാന സര്‍ക്കാരിനും കൈമാറാനും കോടതി നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് റദ്ദാക്കിയത് ഗസറ്റില്‍ വിജ്ഞാപനം ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു.